17 November, 2023 06:53:56 PM


കേരള വനംകായിക മേള സമാപിച്ചു; ഈസ്റ്റേൺ സർക്കിൾ ഒന്നാമത്



കോട്ടയം: മൂന്നു ദിവസമായി പാലാ നഗരസഭാ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച 28-ാമത് കേരള വനം കായികമേളയ്ക്കു സമാപനം. 55 സ്വർണ്ണവും 54 വെള്ളിയും 43 വെങ്കലവുമായി 568 പോയിന്റ് നേടി ഈസ്റ്റേൺ സർക്കിൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 40 സ്വർണ്ണവും 31 വെള്ളിയും 51 വെങ്കലവുമായി 451 പോയിന്റുമായി നോർത്തേൺ സർക്കിൾ രണ്ടാം സ്ഥാനം നേടി. 52 സ്വർണ്ണവും 32 വെള്ളിയും 29 വെങ്കലവുമായി 444 പോയിന്റോടെ മൂന്നാം സ്ഥാനത്തിന് സതേൺ സർക്കിളും അർഹമായി.

ഹൈറേഞ്ച് സർക്കിൾ നാലാം സ്ഥാനവും, സെൻട്രൽ സർക്കിൾ അഞ്ചാം സ്ഥാനവും ബി.എഫ്.ഒ ട്രെയിനീസ് ടീം കെപ്പ ആറാം സ്ഥാനവും കെ.എഫ്.ഡി.സി. ഏഴാം സ്ഥാനവും പീച്ചി കെ.എഫ്.ആർ.ഐ എട്ടാം സ്ഥാനവും നേടി. മാണി സി. കാപ്പൻ എം.എൽ.എ. സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. പാലാ നഗരസഭാധ്യക്ഷ ജോസിൻ ബിനോ ചടങ്ങിൽ അധ്യക്ഷയായി.

വനം വികസന കോർപറേഷൻ ചെയർപേഴ്സൺ ലതികാ സുഭാഷ്, വനം-വന്യജീവി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, വനം വകുപ്പ് അഡീഷണൽ ചീഫ് കൺസർവേറ്റർ ഡോ.പി. പുകഴേന്തി, പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററും ചീഫ് വൈൽഡ് ലൈഫ് വാർഡനുമായ ഡി. ജയപ്രസാദ്, നഗരസഭാംഗം ബിജി ജോജോ, കോട്ടയം ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പി.പി. പ്രമോദ്, കോട്ടയം ഹൈറേഞ്ച് സർക്കിൾ ചീഫ് കൺസർവേറ്റർ ആർ.എസ് അരുൺ, മാനേജ്മെന്റ് അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ രാജേഷ് രവീന്ദ്രൻ, വിജിലൻസ് ആൻഡ് എഫ്.ഐ. അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പ്രമോദ് ജി. കൃഷ്ണൻ, ഇക്കോ ഡവലപ്പ്മെന്റ് ആൻഡ് ട്രൈബൽ വെൽഫെയർ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ജസ്റ്റിൻ മോഹൻ, ഇൻഫർമേഷൻ ടെക്‌നോളജി ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ സഞ്ജയൻ കുമാർ, കേരള ഫോറസ്റ്റ് ഡവലപ്പ്മെന്റ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ജോർജി പി. മാത്തച്ചൻ, കോട്ടയം ഡി.എഫ്.ഒ. എൻ. രാജേഷ് എന്നിവർ പങ്കെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K