12 January, 2025 09:54:28 PM
24-ാമത് കെഇ ട്രോഫി വോളിബോൾ: കണ്ണൂർ ജിഎച്ച്എസ്എസും വരന്തരപ്പിള്ളി സിജെഎംഎ എച്ച്എസ്എസും ജേതാക്കൾ
കോട്ടയം: മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ജനുവരി 10 ,11, 12 ദിവസങ്ങളിലായി നടന്നുവന്ന 24-ാമത് അഖില കേരള കെ ഇ ട്രോഫി വോളിബോൾ ടൂർണമെന്റിന്റെ കൊടിയിറങ്ങി. പെൺകുട്ടികളുടെ വിഭാഗത്തിൽ സെൻറ് മേരിസ് എച്ച് എസ് എസ് വയനാടിനെ പരാജയപ്പെടുത്തി ജിഎച്ച്എസ്എസ് കണ്ണൂരും ആൺകുട്ടികളുടെ വിഭാഗത്തിൽ ശ്രീദുർഗ്ഗാ വിലാസം എച്ച്എസ്എസ് പേരമംഗലത്തിനെ പരാജയപ്പെടുത്തി സി ജെ എം എ എച്ച്എസ്എസ് വരാന്തരപ്പിള്ളിയും വിജയികളായി.
18 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ ഒന്നിനൊന്ന് ശക്തമായ പോരാട്ടമാണ് ഓരോ ടീമും കാഴ്ചവെച്ചതെന്ന് ആതിഥേയത്വം വഹിച്ച കെ ഇ സ്കൂൾ പ്രിൻസിപ്പലും ഡയറക്ടറുമായ റവ ഡോ ജയിംസ് മുല്ലശ്ശേരി പറഞ്ഞു. വൈകുന്നേരം നടന്ന സമാപന സമ്മേളനത്തിൽ മാന്നാനം ആശ്രമാധിപൻ റവ ഡോ കുര്യൻ ചാലങ്ങാടി അധ്യക്ഷത വഹിച്ചു. സംവിധായകൻ പ്രസാദ് വാളച്ചേരിൽ മുഖ്യാതിഥിയായിരുന്നു. പാലാ ചാവറ സി എം ഐ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഫാ. സാബു കൂടപ്പാട്ട്, കെ ഇ റസിഡൻസ് പ്രിഫറ്റ് ഫാ. ഷൈജു സേവിയർ, പിടിഎ പ്രസിഡൻറ് അഡ്വ. ജയ്സൺ ജോസഫ്, വൈസ് പ്രസിഡൻറ് ഡോ. ഇന്ദു പി നായർ തുടങ്ങിയവർ പ്രസംഗിച്ചു. വിജയികളായവർക്ക് ട്രോഫികളും ടൂർണമെന്റിൽ പങ്കെടുത്ത ടീമുകൾക്ക് ക്യാഷ് അവാർഡും നൽകി.