12 June, 2023 08:04:36 AM
ലൂസിയാനോ രക്ഷകനായി: ഫിഫ അണ്ടർ-20 ഫുട്ബോൾ ലോകകപ്പ് കിരീടം ഉറുഗ്വെയ്ക്ക്
ടോലോസ (അർജന്റീന): ഫിഫ അണ്ടർ-20 ഫുട്ബോൾ ലോകകപ്പ് കിരീടം ഉറുഗ്വെയ്ക്ക്. ലാ പ്ലാറ്റയിൽ ഡിയേഗോ മറഡോണയുടെ പേരിലുള്ള സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ഇറ്റലിയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് ഉറുഗ്വെ ചാമ്പ്യന്മാരായത്. ഇറ്റലിക്കെതിരായ ഉറുഗ്വെയുടെ ഫൈനൽ മത്സരം ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. അധികസമയത്തേക്ക് നീളുമെന്ന കരുതിയ മത്സരത്തിൽ ലൂസിയാനോ റോഡ്രിഗസാണ് ഉറുഗ്വെയുടെ രക്ഷകനായത്.
86-ാം മിനിറ്റിൽ ഹെഡറിലൂടെയാണ് താരം ഉറുഗ്വെയെ വിജയത്തിലെത്തിച്ചത്. 1997ലും 2013ലും ഉറുഗ്വെ ഫൈനൽ വരെയെത്തിയെങ്കിലും യഥാക്രമം അർജന്റീനയോടും ഫ്രാൻസിനോടും തോറ്റിരുന്നു. ദക്ഷിണ കൊറിയയെ കീഴടക്കി ഇസ്രയേൽ അണ്ടർ-20 ലോകകപ്പിൽ മൂന്നാം സ്ഥാനം സ്വന്തമാക്കി. ലൂസേഴ്സ് ഫൈനലിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ഇസ്രയേലിന്റെ ജയം.