10 October, 2023 07:34:42 PM


കായിക താരങ്ങള്‍ കേരളം വിട്ടുപോവുന്നു; ഉള്ളവരെ ഓടിക്കരുത് - ഹൈക്കോടതി



കൊച്ചി കായിക താരങ്ങള്‍ കേരളം വിട്ടുപോവുകയാണെന്ന് ഹൈക്കോടതി. ഉള്ളവരെ ഓടിക്കല്ലേ എന്നും കോടതി പറഞ്ഞു. അത്‌ലറ്റ് രഞ്ജിത്ത് മഹേശ്വരിയുടെ ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശം.

ഉത്തേജക മരുന്ന് ഉപയോഗിച്ചന്ന് കണ്ടെത്തിയതിന് 2013 ല്‍ അര്‍ജുന്‍ അവാര്‍ഡ് നിഷേധിച്ചതിനെതിരെയാണ് രഞ്ജിത്ത് മഹേശ്വരി ഹൈക്കോടതിയെ സമീപിച്ചത്. 2008 ഉത്തേജക മരുന്ന് പരിശോധനയില്‍ രഞ്ജിത്ത് മഹേശ്വരി പരാജയപ്പെട്ടിരുന്നു.

ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമുള്ള മരുന്ന് മാത്രമാണ് കഴിച്ചതെന്നായിരുന്നു രഞ്ജിത്ത് മഹേശ്വരിയുടെ വാദം. വിഷയത്തില്‍ ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയോട് വിശദീകരണം കോടതി തേടി. താരം ഉത്തേജകമരുന്ന് ഉപയോഗിച്ചത് എങ്ങനെയാണ് കണ്ടെത്തിയതെന്നാണ് കോടതിയുടെ ചോദ്യം.

രാജ്യത്തിനായി രാജ്യാന്തര വേദികളില്‍ അഭിമാന നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടും സംസ്ഥാന സര്‍ക്കാര്‍ ജോലിയും പാരിതോഷികവും നല്‍കാതെ അവഗണിക്കുന്നതിനെതിരെ കേരളത്തിലെ കായികതാരങ്ങള്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

ഏഷ്യന്‍ ഗെയിംസ് മെഡല്‍ നേട്ടത്തിന് ശേഷമുള്ള അവഗണന ദുഃഖകരമാണെന്ന് പുരുഷ മധ്യദൂര ഓട്ടക്കാരന്‍ ജിന്‍സണ്‍ ജോണ്‍സന്‍ വ്യക്തമാക്കി. 2018ല്‍ മെഡല്‍ നേടിയിട്ട് അഞ്ച് വര്‍ഷമായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി മടുത്തുവെന്ന് വനിതാ ലോംഗ്ജംപ് താരം വി നീനയും പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K