18 October, 2023 12:34:24 PM


ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരം; ബ്രസീലിന് തോൽവി



യുറഗ്വായ്: ലാറ്റിനമേരിക്കയിലെ കൊമ്പന്മാർ തമ്മിലുള്ള പോരാട്ടത്തിൽ എതിരില്ലാത്ത രണ്ട് ഗോളിനാണ് യുറഗ്വായ്
ബ്രസീലിനെ കെട്ട് കെട്ടിച്ചത്. 42-ാം മിനിറ്റിൽ ഡാർവിൻ നുനെസും, 77 -ാം മിനിറ്റിൽ നികോളാസ് ഡി ലാ ക്രൂസും യുറുഗ്വേയ്ക്കായി ഗോൾ നേടി.

കളിയുടെ ആദ്യ പകുതിയിൽ സൂപ്പർ താരം നെയ്മർ പരിക്കേറ്റ് പുറത്ത് പോയത് ബ്രസീലിന് തിരിച്ചടിയായി. മികച്ച കളി പുറത്തെടുക്കുകയും, ഏറെ നേരം ബോൾ കൈവശം വെക്കുകയും ചെയ്തിട്ടും ബ്രസീലിന് ഗോൾ മാത്രം നേടാനായില്ല.

അതേസമയം, സൂപ്പർ താരം ലയണൽ മെസിയുടെ മികവിൽ പെറുവിനെ എതിരില്ലാത്ത രണ്ട് ഗോളിന് കീഴ്പ്പെടുത്തി അർജൻ്റീന കുതിപ്പ് തുടർന്നു. കളിയുടെ 32, 42 മിനിറ്റുകളിൽ പിറന്ന മെസിയുടെ ഇരട്ട ഗോളുകളിലൂടെയാണ് ലോക ചാമ്പ്യന്മാർ പെറുവിനെതിരെ ആധികാരിക ജയം നേടിയത്.

ജയത്തോടെ 12 പോയിൻ്റുമായി പട്ടികയിലെ ഒന്നാം സ്ഥാനം അർജൻ്റീന നില നിർത്തി. യുറുഗ്വേ, ബ്രസീൽ, വെനസ്വേല എന്നിവർക്ക് ഏഴ് പോയിൻ്റ് വീതമുണ്ടെങ്കിലും ഗോൾ ശരാശരിയിൽ യുറുഗ്വേ രണ്ടാമതും, ബ്രസീൽ മൂന്നാമതുമാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K