06 June, 2017 11:46:51 AM
ഇന്ത്യയുടെ മത്സരങ്ങൾ കാണാൻ ഇനിയുമെത്തുമെന്ന് വിജയ് മല്യ
ലണ്ടൻ: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിലെ ഇന്ത്യ-പാക് മത്സരം കാണാൻ എജ്ബാസ്റ്റണ്‍ സ്റ്റേഡിയത്തിൽ വിവാദ ഇന്ത്യൻ വ്യവസായി വിജയ് മല്യ എത്തിയത് ഇന്ത്യൻ മാധ്യമങ്ങൾ വലിയ വാർത്തയാക്കിയിരുന്നു. ഇതിനു മറുപടിയെന്നോണം വിജയ് മല്യയുടെ പുതിയ ട്വീറ്റ് എത്തി. എജ്ബാസ്റ്റണിൽ താനെത്തിയതു സംബന്ധിച്ച് വലിയ വാർത്താ പ്രാധാന്യമാണ് മാധ്യമങ്ങൾ നൽകിയത്.
തുടർന്നുള്ള ഇന്ത്യയുടെ എല്ലാ മത്സരങ്ങളും കാണാനും കളിക്കാരെ സന്തോഷിപ്പിക്കാനും താൻ എത്തുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഇന്ത്യ-പാക് മത്സരത്തിൽ വിജയ് മല്യ സ്റ്റേഡിയത്തിലിരുന്നു മത്സരം കാണുന്നതിന്‍റെയും സുനിൽ ഗവാസ്കറുമായി സംസാരിക്കുന്നതിന്‍റെയും ചിത്രങ്ങളാണ് പുറത്തുവന്നത്. നേരത്തേ, ബ്രിട്ടൻ പോലീസായ സ്കോട്‌ലൻഡ് യാർഡിന്‍റെ പിടിയിലായ വിജയ് മല്യക്കു കോടതി ജാമ്യം അനുവദിച്ചിരുന്നു.
9,000 കോടി രൂപ ഇന്ത്യയിലെ ബാങ്കുകളിൽ നിന്നും വായ്പ എടുത്ത ശേഷം തിരിച്ചടയ്ക്കാതെ ലണ്ടനിലേക്ക് മുങ്ങുകയായിരുന്നു മല്യ. വൻതുക തിരികെ ലഭിക്കാതെ വന്നതോടെ 17 ബാങ്കുകൾ ചേർന്ന കണ്‍സോർഷ്യം മല്യയ്ക്കെതിരേ നിയമ നടപടി സ്വീകരിക്കുകയായിരുന്നു.