31 May, 2017 10:01:21 PM
ഫ്രഞ്ച് ഓപ്പൺ: മടങ്ങിവരവിലെ രണ്ടാമങ്കത്തിൽ ക്വിറ്റോവയ്ക്ക് തോൽവി
പാരീസ്: പരിക്കിനെ തുടർന്ന് വിശ്രമത്തിലായിരുന്ന പെട്രോ ക്വിറ്റോവയ്ക്ക് മടങ്ങിവരവിലെ രണ്ടാമങ്കത്തിൽ തോൽവി. ഫ്രഞ്ച് ഓപ്പണ്‍ രണ്ടാം റൗണ്ടിൽ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെട്ടു. ബഥനി മറ്റക് സാൻഡ്സാണ് ക്വിറ്റോവയെ പരാജയപ്പെടുത്തിയത്. കടുത്ത പോരാട്ടത്തിനൊടുവിലാണ് ക്വിറ്റോവ പരാജയം സമ്മതിച്ചത്. രണ്ട് സെറ്റുകളും ടൈ ബ്രേക്കറിലാണ് ക്വിറ്റോവയ്ക്ക് നഷ്ടമായത്. സ്കോർ: 7-6 (7-5), 7-6 (7-5).
വിശ്രമത്തിലായിരുന്ന പെട്ര ക്വിറ്റോവ കഴിഞ്ഞ മെയ് മാസമാണ് പൂർണതോതിൽ പരിശീലനം ആരംഭിച്ചത്. കരിയറിനു തന്നെ തിരശീല വീഴ്ത്തിയേക്കുമായിരുന്ന പരിക്കാണ് ക്വിറ്റോവയുടെ വലതു കൈയ്ക്കേറ്റത്. നിലവിലെ വനിത, പുരുഷ ചാമ്പ്യൻമാർ മൂന്നാം റൗണ്ടിൽ കടന്നു. വനിത ചാമ്പ്യൻ ഗാർബിനെ മുഗുറുസ ഒന്നിനെതിരെ രണ്ടു സെറ്റുകൾക്കാണ് വിജയിച്ചത്.
അനെറ്റ് കോണ്ടവെയ്റ്റിനെയാണ് മുഗുറുസ പരാജയപ്പെടുത്തിയത്. സ്കോർ: 6-7 (4-7), 6-4, 6-2. അമേരിക്കയുടെ വീനസ് വില്യംസും മൂന്നാം റൗണ്ടിൽ കടന്നു. കുരുമി നരയെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് വീനസിന്റെ മുന്നേറ്റം. സ്കോർ: 6-3, 6-1. നിലവിലെ പുരുഷ ചാമ്പ്യൻ നൊവാക് ജോക്കോവിച്ച് നേരിട്ടുള്ള സെറ്റുകൾക്ക് വിജയിച്ച് മൂന്നാം റൗണ്ടിൽ കടന്നു. ജോവ സൗസയെയാണ് ജോക്കോവിച്ച് പരാജയപ്പെടുത്തിയത്. സ്കോർ: 6-1, 6-4, 6-3.