25 May, 2017 01:02:25 PM
ഉത്തേജക മരുന്ന്: മലയാളി ഹര്‍ഡില്‍സ് താരം ജിതിനെ ക്യാമ്പില്‍ നിന്ന് പുറത്താക്കി
ദില്ലി: നിരോധിക്കപ്പെട്ട ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് മലയാളി ഹര്‍ഡില്‍സ് താരം ജിതന്‍ പോളിനെ പട്യാലയിലെ ദേശീയ അതലറ്റിക് ക്യാമ്പില്‍ നിന്ന് പുറത്താക്കി. വിചാരണ നേരിടാനായി ജിതിനോട് തിങ്കളാഴ്ച ഹാജരാവാന്‍ നാഷണല്‍ ആസി ഡോപ്പിങ് ഏജന്‍സി (നാഡ) ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താന്‍ അഖിലേന്ത്യാ അതലറ്റിക് ഫെഡറേഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
പട്യാലയിലെ ക്യാമ്പില്‍ താമസിക്കുന്ന ജിതിന്‍റെ ബാഗില്‍ നിന്ന് നാഡയുടെ പരിശോധക സംഘം നിരോധിക്കപ്പെട്ട മെല്‍ഡോണിയം അടങ്ങിയ മരുന്ന് കണ്ടെത്തിയിരുന്നു. ഏപ്രില്‍ പതിനേഴിന് നടത്തിയ പരിശോധനയില്‍ ജിതിന്റെ ബാഗില്‍ നിന്ന് എട്ട് സ്ട്രിപ്പ് മരുന്നാണ് കണ്ടെത്തിയതെന്ന് നാഡ ഡയറക്ടര്‍ ജനറല്‍ നവിന്‍ അഗര്‍വാള്‍ പറഞ്ഞു. ഇതിനെ തുടര്‍ന്ന് നാഡ ജിതിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, പിടിക്കപ്പെട്ട താരത്തിന്‍റെ പേര് നാഡ പുറത്തുവിട്ടിരുന്നില്ല.
റഷ്യന്‍ നിര്‍മിത മരുന്നുകളാണ് പിടിക്കപ്പെട്ടത്. പരിശോധനയില്‍ നിരോധിക്കപ്പെട്ട മെല്‍ഡോണിയം അടങ്ങിയ മരുന്നുകളാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അച്ചടക്ക നടപടി കൈക്കൊണ്ടത്. എന്നാല്‍, ഏതാനും ആഴ്ച മുന്‍പ് നടന്ന ഉത്തേജക മരുന്ന് പരിശോധനയില്‍ ജിതന്‍ പിടിക്കപ്പെട്ടിരുന്നില്ല. എന്നാല്‍, പട്യാല ക്യാമ്പിലെ കായികതാരങ്ങളുടെ മുറി പൂട്ടാറില്ലെന്നും കായിക താരത്തിന്‍റെ കരിയര്‍ തകര്‍ക്കുക എന്ന ഉദ്ദേശത്തോടെ ആര്‍ക്കെങ്കിലും വേണമെങ്കില്‍ മുറിയില്‍ കടന്ന് ബാഗില്‍ മരുന്ന് വയ്ക്കാവുന്നതേയുള്ളവെന്നുമാണ് ഒരു മുന്‍ അതലറ്റിക് സംഭവത്തോട് പ്രതികരിച്ചത്. സംഭവത്തില്‍ ഒരു അട്ടിമറി സാധ്യത തള്ളിക്കളയാനാവില്ലെന്നും അവര്‍ പറഞ്ഞു.
മെല്‍ഡോണിയം അടങ്ങിയ മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ടെന്നിസ് താരം മരിയ ഷറപ്പോവയ്ക്ക് പതിനഞ്ച് മാസത്തേയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇന്ത്യയുടെ ഏഷ്യന്‍ ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ് ടീമുകളില്‍ അംഗമായിരുന്നു ജിതന്‍ പോള്‍. ജിതന്‍ അടങ്ങില്‍ ഇന്ത്യയുടെ 400 മീറ്റര്‍ റിലേ ടീം നാലാമതായാണ് ഫിനിഷ് ചെയ്തത്.