23 May, 2017 12:00:54 AM
ബാഡ്മിന്റണ്‍: മികവേറിയ പരിശീലകര്‍ രാജ്യത്തു കുറവാണെന്ന് സൈന നെഹ്വാൾ
കൊച്ചി: മികച്ച ബാഡ്മിന്റണ്‍ അക്കാദമികള്‍ ഉണ്ടെങ്കിലും അതിനനുസരിച്ച് മികവേറിയ പരിശീലകര്‍ രാജ്യത്തു കുറവാണെന്ന് മുന്‍ ലോക ഒന്നാം നമ്പര്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്വാൾ. കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിനു സമീപം ആരംഭിച്ച യോനെക്സ് ഷോറൂം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു സൈന.
അക്കാഡമികള്‍ വന്നതുകൊണ്ട് മാത്രം ബാഡ്മിന്റണ്‍ ഗുണമുണ്ടാകില്ല. മികച്ച പരിശീലകരുടെയും ഫിസിയോകളുടെയും സപ്പോര്‍ട്ടിംഗ് സ്റ്റാഫുകളുടെയും അഭാവം നമുക്കുണ്ട്. എല്ലാ നഗരങ്ങളിലും ബാഡ്മിന്റണ്‍ അക്കാദമികള്‍ ഉണ്ടാകാന്‍ സാധ്യതകളുണ്ട്. പല മുന്‍കാല താരങ്ങള്‍ക്കും ജോലി കളഞ്ഞ് പരിശീലനം നല്കാന് എത്താന്‍ സാധിക്കില്ല. ജോലിയില്‍ നിന്ന് മാറി പരിശീലനത്തിനെത്താന്‍ അവര്‍ക്ക് ഏറെ കടമ്പകള്‍ മറികടക്കേണ്ടതുണ്ട്.
അടുത്ത ആഴ്ച നടക്കുന്ന തായ്ലൻഡ് ഓപ്പണിനായുള്ള ഒരുക്കത്തിലാണ് താനെന്നും കാല്‍മുട്ടിന്റെ സര്‍ജറി കഴിഞ്ഞ് തിരിച്ചുവരുന്നത് സാധാരണ പരിക്കു കഴിഞ്ഞ് വരുന്നതുപോലെ എളുപ്പമല്ലെന്നും സൈന ചൂണ്ടിക്കാട്ടി. ജയമാണ് പ്രധാനം. അതേപ്പറ്റി മാത്രമെ ഇപ്പോള്‍ ചിന്തിക്കുന്നുള്ളൂ. മികച്ച പരിശീലന സെഷനാണ് ഇപ്പോള്‍ കഴിഞ്ഞത്. പരിശീലന സെഷനില്‍ മികച്ച പ്രകടനം നടത്താന്‍ സാധിച്ചിട്ടുണ്ടെന്നാണ് തന്റെ വിശ്വാസം. ഇപ്പോള്‍ വിജയിക്കേണ്ടത് അത്യാവശ്യമാണ്, വിജയത്തിലൂടെയാണ് ആത്മവിശ്വാസം തിരിച്ചെടുക്കേണ്ടത്.
വരുന്ന ടൂര്‍ണമെന്റുകളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ശ്രമിക്കും. എതിരാളി ആരായാലും വിജയിക്കുക എന്നതു മാത്രമെ മനസില്‍ ഉള്ളൂ. സിന്ധു ആയാലും കരോലിന് ആയാലും കോര്‍ട്ടില്‍ നമ്മുടെ എതിരാളികളാണ്. പരിശീലകരുടെ ജോലി കായിക താരത്തേക്കാള്‍ വിഷമകരമാണെന്ന് ഭാവിയില്‍ പരിശീലകയാവുമോ എന്ന ചോദ്യത്തിനു മറുപടിയായി സൈന പറഞ്ഞു. കുട്ടികളെ പരിശീലിപ്പിക്കാനുള്ള ക്ഷമ എനിക്കില്ല, കോച്ചിംഗിനെക്കുറിച്ച് ഇപ്പോള്‍ മനസില്‍ ചിന്തയില്ല. ഭാവിയില്‍ മാറിയേക്കാം. പ്രായമേറുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് പ്രായമല്ല, മനസും അര്‍പ്പണബോധവുമാണ് കായികതാരത്തിന്റെ കൈമുതല്‍ എന്നായിരുന്നു മറുപടി.