21 May, 2017 10:52:36 PM
വിനീതിന് ഇരട്ടഗോള്‍, ഫെഡറേഷന്‍ കപ്പ് ബംഗളൂരു എഫ്.സിക്ക്
കട്ടക്ക്: മലയാളി താരം സി.കെ വിനീതിന്റെ ഇരട്ടഗോള്‍ മികവില്‍ ഫെഡറേഷന്‍ കപ്പ് കിരീടം ബംഗളൂരു എഫ്.സിക്ക്. നിലവിലെ ചാമ്ബ്യന്‍മാരായ മോഹന്‍ബഗാനെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തിയാണ് ബെംഗളൂരു ഫെഡറേഷന്‍ കപ്പ് കിരീടം ചൂടിയത്. നിശ്ചിത സമയത്ത് ഇരുടീമുകളും ഗോള്‍ കണ്ടെത്താനാകാത്തതിനെ തുടര്‍ന്ന് എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിനൊടുവിലായിരുന്നു ബാംഗ്ലൂരിന്റെ വിജയം.
രണ്ടാം പകുതിയില്‍ ഉദാന്‍തക്ക് പകരക്കാരാനായി ഗ്രൗണ്ടിലെത്തിയ വിനീത് ബാംഗ്ലൂരിന്റെ വിജയമുറപ്പിച്ച ഗോള്‍ നേടുകയായിരുന്നു. സുനില്‍ ഛേത്രിയില്ലാതെ കളിക്കാനിറങ്ങിയ ബാംഗ്ലൂരിന് സോണി നോര്‍ദെയും കറ്റ്സുമി യുസയെയും പിടിച്ചുകെട്ടാനായതും മത്സരത്തില്‍ നിര്‍ണായകമായി.
107ാം മിനിറ്റില്‍ പോസ്റ്റിന്റെ ഇടതുമൂലയില്‍ നിന്നും അനസ് എടത്തൊടികയ്ക്കും ദേബ്ജിത്തിനും അവസരം നല്‍കാതെ വിനീത് ബാംഗ്ലൂരിനെ മുന്നിലെത്തിക്കുകയായിരുന്നു. 12 മിനിറ്റിന് ശേഷം വിനീത് വീണ്ടും ബഗാന്റെ വല കുലുക്കി. ബഗാന്‍ പ്രതിരോധത്തെ മറികടന്ന് വിനീത് അടിച്ച ഷോട്ട് ദേബജിത്തിനെയും മറികടന്ന് വലയില്‍ വിശ്രമിക്കുകയായിരുന്നു.