19 May, 2017 11:44:25 PM
ക്വാളിഫയര്‍-2 മത്സരത്തില്‍ കൊല്‍ക്കത്തയെ മറികടന്ന് മുംബൈ ഫൈനലില്‍
ബംഗളൂരു: ഐ.പി.എല്ലിലെ നിര്‍ണായക ക്വാളിഫയര്‍-2 മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ, 6 വിക്കറ്റിന് കീഴടക്കി മുംബയ് ഇന്ത്യന്‍സ് പത്താം സീസണിന്റെ ഫൈനലില്‍ കടന്നു. കൊല്‍ക്കത്ത മുന്നോട്ടുവച്ച 108 റണ്‍സ് വിജയലക്ഷ്യം, 33 പന്തുകള്‍ ബാക്കി നില്‍ക്കെ, നാല് വിക്കറ്റ് നഷ്ടത്തില്‍ മുംബയ് മറികടന്നു. 30 പന്തില്‍ 45 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ക്രുണല്‍ പാണ്ഡെയാണ് മുംബയെ വിജയ തീരത്തെത്തിച്ചത്. ഞായറാഴ്ച നടക്കുന്ന കലാശപ്പോരാട്ടത്തില്‍ മുബയ് ഇന്ത്യന്‍സ്, പൂനെ സൂപ്പര്‍ ജയിന്റ്സിനെ നേരിടും. സ്കോര്‍: കൊല്‍ക്കത്ത 107, മുംബയ് 111/4.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത, 18.5 ഓവറില്‍ 107 റണ്‍സിന് എല്ലാവരും പുറത്തായി. നാല് ഓവറില്‍ 16 റണ്‍സ് വഴങ്ങി നാല് മുന്‍നിര വിക്കറ്റുകള്‍ വീഴ്ത്തിയ കരണ്‍ ശര്‍മയും, മൂന്ന് ഓവറില്‍ വെറും ഏഴ് റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ നേടിയ ജസ്പ്രീത് ബുംറയുമാണ് കൊല്‍ക്കത്തയുടെ ബാറ്റിംഗ് നിരയെ കെട്ടുകെട്ടിച്ചത്. സൂര്യകുമാര്‍ യാദവിന്റെയും (25 പന്തില്‍ 31), ഇഷങ്ക് ജാഗിയുടെയും (31 പന്തില്‍ 28) കൂട്ടുകെട്ടാണ് കൊല്‍ക്കത്തയുടെ സ്കോര്‍ നൂറ് കടത്തിയത്.