24 January, 2016 10:40:30 PM


സാനിയ മിര്‍സ- മാര്‍ട്ടിന ഹിംഗിസ്‌ സഖ്യം വനിതാ ഡബിള്‍സ്‌ പ്രീ ക്വാര്‍ട്ടറില്‍



മെല്‍ബണ്‍ : ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ്‌ ഗ്രാന്‍സ്ലാം ടൂര്‍ണമെന്റിന്റെ വനിതാ ഡബിള്‍സ്‌, മിക്‌സഡ്‌ ഡബിള്‍സ്‌ ഇനങ്ങളില്‍ ഇന്ത്യയുടെ സാനിയ മിര്‍സയ്‌ക്ക്  ജയം. സാനിയ മിര്‍സ- സ്വിറ്റ്‌സര്‍ലന്‍ഡിന്റെ മാര്‍ട്ടിന ഹിംഗിസ്‌ സഖ്യം വനിതാ ഡബിള്‍സ്‌ പ്രീ ക്വാര്‍ട്ടറില്‍ കടന്നു. യുക്രൈയിന്റെ നാദില കിച്‌നോക്‌-ലുഡിമ കിച്‌നോക്‌ ഇരട്ട സഹോദരിമാരെയാണ്‌ സാനിയ സഖ്യം തോല്‍പ്പിച്ചത്‌. സ്‌കോര്‍: 6-2, 6-3.

റഷ്യയുടെ സെ്വറ്റ്‌ലാന കുസനറ്റ്‌സോവ- ഇറ്റലിയുടെ റോബര്‍ട്ട വിന്‍സി സഖ്യമാണ്‌ മൂന്നാം റൗണ്ടില്‍ സാനിയ-ഹിംഗിസ്‌ സഖ്യത്തെ നേരിടുക. മിക്‌ഡസ്‌ ഡബിള്‍സില്‍ സാനിയ- ഐവാന്‍ ഡോഡിഗ്‌ സഖ്യം അജില ടോംജാവോസിക്‌ - നിക്‌ കിര്‍ഗിയോസ്‌ സഖ്യത്തെ 7-5, 6-1 എന്ന സ്‌കോറിനാണു തോല്‍പ്പിച്ചത്‌. പുരുഷ സിംഗിള്‍സില്‍ ലോക രണ്ടാം നമ്പര്‍ ബ്രിട്ടന്റെ ആന്‍ഡി മുറേ നാലാം റൗണ്ടില്‍ കടന്നു. പോര്‍ചുഗലിന്റെ ജോയ സൗസയെ 6-2, 3-6, 6-2, 6-2 എന്ന സ്‌കോറിനാണ്‌ മുറേ തോല്‍പ്പിച്ചത്‌. ഭാര്യാ പിതാവ്‌ നൈജല്‍ സീയേഴ്‌സ് കുഴഞ്ഞുവീണത്‌ അറിയാതെയാണ്‌ മുറേ കളി തുടര്‍ന്നത്‌. മത്സരത്തിനു ശേഷം പതിവ്‌ അഭിമുഖത്തിനു നില്‍ക്കാതെ മുറേ നൈജല്‍ സീയേഴ്‌സിന്റെ അടുത്തേക്കു പോയിരുന്നു.

വനിതാ ടെന്നീസ്‌ താരം സെര്‍ബിയയുടെ അന ഇവാനോവിച്ചിന്റെ കോച്ചാണ്‌ നൈജല്‍ സീയേഴ്‌സ്. അനയും യു.എസിന്റെ മാഡിസണ്‍ കെയ്‌സും തമ്മിലുള്ള മത്സരം കണ്ടുകൊണ്ടിരിക്കേയാണ്‌ നൈജല്‍ സീയേഴ്‌സ് കുഴഞ്ഞുവീണത്‌. തുടര്‍ന്നു മത്സരം നിര്‍ത്തിവച്ചു. ടൂര്‍ണമെന്റില്‍ രണ്ടാംതവണയാണ്‌ അനയുടെ മത്സരം തടസപ്പെടുന്നത്‌. രണ്ടാം റൗണ്ട്‌ മത്സരം നടക്കുന്നതിനിടെ കാണികളില്‍ ഒരാള്‍ പടിക്കെട്ടില്‍നിന്നു വീണിരുന്നു. ഫ്രഞ്ച്‌ ഓപ്പണ്‍ ചാമ്പ്യന്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ സ്‌റ്റാനിസ്ലാസ്‌ വാവ്‌റിങ്ക നാലാം റൗണ്ടില്‍ കടന്നു. ചെക്ക്‌ റിപ്പബ്ലിക്കിന്റെ ലൂകാസ്‌ ഡളൗഹിയെയാണ്‌ വാവ്‌റിങ്ക തോല്‍പ്പിച്ചത്‌. സ്‌കോര്‍: 6-2, 6-3, 7-6(7/3). കാനഡയുടെ മിലോസ്‌ റാവോനിക്‌ ആണ്‌ പ്രീ ക്വാര്‍ട്ടറില്‍ വാവ്‌റിങ്കയെ നേരിടുക.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K