10 May, 2017 12:53:54 PM
ഒാൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷന്‍റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു
ന്യൂഡൽഹി: ഒാൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷ (എ.ഐ.എഫ്.എഫ്) ന്‍റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു. സീറോ കൂൾ എന്ന ഹാക്കർ സംഘമാണ് സൈറ്റ് ഹാക്ക് ചെയ്തെന്ന് അവകാശപ്പെടുന്നത്. പാകിസ്താൻ പട്ടാള കോടതി വധശിക്ഷക്ക് വിധിച്ച കുൽഭൂഷൻ ജാദവിനെ മോചിപ്പിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തെ വിമർശിക്കുന്ന സന്ദേശം ഹാക്കർമാർ സൈറ്റിന്‍റെ ഹോം പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
കുൽഭൂഷൻ ജാദവിന്‍റെ മൃതദേഹം ഇന്ത്യയിലേക്ക് അയക്കുമെന്നും ഹാക്കർ മുന്നറിയിപ്പ് നൽകുന്നു. സ്നാപ് ചാറ്റും സ്നാപ് ഡീലും തമ്മിലുള്ള വ്യത്യാസം അറിയാത്ത ഇന്ത്യക്കാരാണോ ജാദവിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും സന്ദേശത്തിൽ പരിഹസിക്കുന്നുണ്ട്. കൂടാത കുൽഭൂഷൻ ജാദവിന്റെയും തൂക്കുകയറിന്‍റെയും ചിത്രങ്ങൾ സൈറ്റിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ചാരവൃത്തി ആരോപിച്ചാണ് പാകിസ്താൻ പട്ടാള കോടതി ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥനായിരുന്ന കുൽഭൂഷൻ ജാദവിനെ വധശിക്ഷക്ക് വിധിച്ചത്. കുൽഭൂഷന് മോചിപ്പിക്കണമെന്ന ഇന്ത്യയുടെ ആവശ്യം തള്ളിയതിനെ തുടർന്ന് വിഷയം ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഹര്‍ജി നൽകി. ജാദവിന്‍റെ വധശിക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതി ചൊവ്വാഴ്ച സ്റ്റേ ചെയ്തിരുന്നു.
കുൽഭൂഷൻ ജാദവിന് വധശിക്ഷ വിധിച്ചതിൽ പ്രതിഷേധിച്ച് പാകിസ്താനുമായുള്ള ഉഭയകക്ഷി ചർച്ച ഇന്ത്യ നിർത്തിവെച്ചിരുന്നു. പാകിസ്താൻ മാരിടൈം സെക്യൂരിറ്റി ഏജൻസി ഉദ്യേഗസ്ഥരെ സ്വീകരിക്കില്ലെന്ന് ഇന്ത്യ പാകിസ്താനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.