10 May, 2017 09:47:35 AM
വനിതാ ഏകദിനത്തിലെ വിക്കറ്റ് വേട്ടയില്‍ ജുലന്‍ ഗോസ്വാമിക്ക് റെക്കോര്‍ഡ്
ദില്ലി: രാജ്യാന്തര വനിതാ ഏകദിന ക്രിക്കറ്റിലെ വിക്കറ്റ് വേട്ടയിൽ ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ ജുലൻ ഗോസ്വാമിക്ക് റെക്കോഡ്. ഏകദിനത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ താരമായി ഗോസ്വാമി. ദക്ഷിണാഫ്രിക്കയ്ക്കെതിരെ 20 റൺസിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയതോടെയാണ് 34കാരിയായ ഗോസ്വാമി ഒന്നാം സ്ഥാനത്ത് എത്തിയത്. 180 വിക്കറ്റ് നേടിയ ഓസ്ട്രേലിയയുടെ കാതറിൻ ഫിറ്റ്സ്പാട്രിക്കിനെയാണ് ജുലൻ ഗോസ്വാമി മറികടന്നത്.
രാജ്യാന്തര ക്രിക്കറ്റിൽ ഗോസ്വാമിക്ക് ആകെ 271 വിക്കറ്റ് സ്വന്തമായുണ്ട്. നേട്ടം നൂറ്റി അൻപത്തിമൂന്നാം മത്സരത്തിൽ. ബംഗാളിലെ നാദിയ ജില്ലക്കാരിയായ ജുലൻ ഏകദിനത്തിൽ 919 റൺസും നേടിയിട്ടുണ്ട്. 2002ൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ജുലൻ ഗോസ്വാമി 2007ൽ ഐ സി സി വുമൺ ക്രിക്കറ്റർ ഓഫ് ദ ഇയറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2010ൽ അർജുന അവാർഡും 2012ൽ പത്മശ്രീയും നൽകി രാജ്യം ആദരിച്ചു.