29 April, 2017 11:48:35 PM
പുനെയോട് തോറ്റ് ബാഗ്ലൂര്‍ ഐ പി എല്ലില്‍ നിന്നും പുറത്തായി
പുനെ: റൈസിങ് പുനെ സൂപ്പര്‍ ജയന്റ്‌സിനോട് തോറ്റ് ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് ഐ പി എല്ലില്‍ നിന്നും പുറത്തായി. ഐ പി എല്ലില്‍ നിന്നും ഈ സീസണില്‍ പുറത്താകുന്ന ആദ്യത്തെ ടീമാണ് ബാംഗ്ലൂര്‍. വിജയം അനിവാര്യമായ കളിയില്‍ 62 റണ്‍സിനാണ് ബാംഗ്ലൂര്‍ പുനെയോട് അടിയറവ് പറഞ്ഞത്.
ജയിക്കാന്‍ വെറും 158 റണ്‍സ് മാത്രം മതിയായിരുന്ന ബാംഗ്ലൂരിന് തുടക്കം മുതലേ പിഴച്ചു. ഓപ്പണറായി എത്തിയ ഹെഡ് 2 റണ്‍സിന് പുറത്തായി. ഡിവില്ലിയേഴ്‌സ് 3, ജാദവ് 7, സച്ചിന്‍ ബേബി 2, സ്റ്റുവര്‍ട്ട് ബിന്നി 1, നേഗി 3, മില്‍നെ 5, ബദ്രി 2 എന്നിങ്ങനെ ബാംഗ്ലൂരിന്റെ മുന്‍നിരക്കാരെല്ലാം രണ്ടക്കം കാണാതെ പുറത്തായി.
48 പന്തില്‍ 55 റണ്‍സെടുത്ത വിരാട് കോലി മാത്രമേ രണ്ടക്കം കണ്ടുള്ളു. ടോസ് നേടിയ ബാംഗ്ലൂര്‍ പുനെയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ക്യാപ്റ്റന്‍ വിചാരിച്ചത് പോലെ തന്നെ അച്ചടക്കത്തോടെ പന്തെറിഞ്ഞ ബാംഗ്ലൂര്‍ ബൗളര്‍മാര്‍ പുനെയെ 157 റണ്‍സില്‍ പിടിച്ചുകെട്ടി. 45 റണ്‍സെടുത്ത ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്താണ് പുനെയുടെ ടോപ് സ്‌കോറര്‍. മനോജ് തിവാരി 44, ത്രിപാഠി 37, ധോണി 23 എന്നിവരാണ് പുനെയുടെ മറ്റ് സ്‌കോറര്‍മാര്‍.