26 April, 2017 12:55:35 AM
അമ്പയറോട് മോശമായി പെരുമാറി; രോഹിത് ശർമ്മക്ക് പിഴ
മുംബൈ: അമ്പയറോട് മോശമായി പെരുമാറിയതിന് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മക്ക് മാച് ഫീസിൻെറ 50 ശതമാനം പിഴയിട്ടു. ഇന്നലെ മുംബൈ വാംഗഡെ സ്റ്റേഡിയത്തിൽ പുണെ സൂപ്പർജയൻറ്സിനെതിരായ ഐ.പി.എൽ മത്സരത്തിനിടെയാണ് സംഭവം.
മുംബൈക്ക് അവസാന ഓവറിൽ ജയിക്കാൻ 17 റൺസ് വേണ്ടിയിരുന്ന ഘട്ടത്തിലാണ് രോഹിത് കലിപ്പിലായത്. ജയദേവ് ഉനദ്കട് ആയിരുന്നു പൂണെയുടെ ബൗളർ. മൂന്നാം പന്ത് വൈഡ് ലൈനിലൂടെ പോയെങ്കിലും അത് അമ്പയർ എസ്. രവി വിളിച്ചില്ലെന്നാരോപിച്ചാണ് രോഹിത് പ്രശ്നമുണ്ടാക്കിയത്. അമ്പയറുടെ അടുത്തേക്ക് പോയ രോഹിത് കോപത്തോടെ പ്രതിഷേധം അറിയിച്ചു. സ്ക്വയർ ലെഗ് അമ്പയർ എ. നന്ദ് കിഷോർ ഇടപെട്ടാണ് രോഹിതിൻെറ കോപം ശമിപ്പിച്ചത്.
ഐ.പി.എൽ പെരുമാറ്റച്ചട്ടത്തിലെ 2.1.5 ലെ ലെവൽ 1 കുറ്റമാണ് ശർമ്മക്കെതിരെ ചുമത്തിയത്. ഈ സീസണിൽ രോഹിതിൻെറ രണ്ടാമത്തെ ലെവൽ 1 ശിക്ഷയാണിതെന്നും ഐ.പി.എൽ അധികൃതർ വ്യക്തമാക്കി. മത്സരത്തിൽ മുംബൈ ഇന്ത്യൻസ് മൂന്ന് റൺസിന് പരാജയപ്പെട്ടിരുന്നു.