25 April, 2017 12:06:27 PM


ഇന്ത്യന്‍ ഫുട്ബോള്‍ ഗോള്‍കീപ്പര്‍ സുബ്രത പാല്‍ ഉത്തേജകമരുന്ന് ഉപയോഗിച്ചതിന് പിടിയില്‍



ദില്ലി : ഇന്ത്യന്‍ ഫുട്ബോള്‍ ഗോള്‍കീപ്പറും മുന്‍ ഇന്ത്യന്‍ നായകനുമായ സുബ്രത പാല്‍ ഉത്തേജകമരുന്ന് ഉപയോഗിച്ചതിന് പിടിയിലായി. മാര്‍ച്ച്‌ പതിനെട്ടിന് മുംബൈയില്‍ ഇന്ത്യന്‍ ടീമിന്‍റെ പരിശീലന ക്യാമ്ബില്‍ വച്ച്‌ നാഷണല്‍ ആന്‍റി ഡോപ്പിങ് ഏജന്‍സി (നാഡ) നടത്തിയ പരിശോധനയില്‍ ഐഎസ്‌എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്‍റെയും ഐ ലീഗില്‍ ഡി.എസ്.കെ ശിവാജിയന്‍സിന്‍റെയും താരമായ സുബ്രത പാല്‍ നിരോധിക്കപ്പെട്ട മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തുകയായിരുന്നു.


സുബ്രത പാല്‍ ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട കാര്യം അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ (എഫ്.ഐ.എഫ്.എഫ്) ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ് സ്ഥിരീകരിച്ചു. ഇക്കാര്യം ഡി.എസ്.കെ.ശിവാജിന്‍സിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സുബ്രതയ്ക്ക് ഇനി ബി സാമ്പിള്‍ പരിശോധനയ്ക്ക് അപേക്ഷ നല്‍കുകയോ അപ്പീല്‍ നല്‍കുകയോ ചെയ്യാം. ഇതിലും പരാജയപ്പെട്ടാല്‍ കടുത്ത നടപടി നേരിടേണ്ടിവരും.


സുബ്രത പാല്‍ അംഗമായ ഇന്ത്യന്‍ ടീം കമ്പോഡിയക്കെതിരെയുള്ള സൗഹൃദമത്സരവും മ്യാന്‍മറിനെതിരായ എ.എഫ്.സി. ഏഷ്യന്‍ കപ്പും കളിക്കാന്‍ യാത്ര പുറപ്പെടുന്നതിന് തൊട്ടുമുന്‍പായിരുന്നു പരിശോധന. ഈ രണ്ട് മത്സരങ്ങളും ഇന്ത്യ വിജയിച്ചു. ഇന്ത്യ കണ്ടതില്‍ വച്ച്‌ ഏറ്റവും മികച്ച ഗോള്‍കീപ്പറും അര്‍ജുന അവാര്‍ഡ് ജേതാവുമാണ് പശ്ചിമ ബംഗാള്‍ സ്വദേശിയായ സുബ്രത പാല്‍. 2007 മുതല്‍ ഇന്ത്യന്‍ ടീമില്‍ അംഗമായ പാല്‍ ദേശീയ ടീമിനുവേണ്ടി 64 മത്സരങ്ങളില്‍ ഗോള്‍ പോസ്റ്റ് കാത്തിട്ടുണ്ട്. ഇന്ത്യയ്ക്കുവേണ്ടി എ.എഫ്.സി ചാലഞ്ച് കപ്പ്, നെഹ്റു കപ്പ്, ഏഷ്യന്‍ കപ്പ്, ലോകകപ്പ് യോഗ്യത ഫുട്ബോള്‍ എന്നിവയില്‍ കളിച്ചിട്ടുണ്ട്.


നിലവിലെ ലോകകപ്പ് യോഗ്യതാ ഫുട്ബോള്‍ ടൂര്‍ണമെന്‍റിനുള്ള ടീമിലെ അംഗമാണ്. നേപ്പാളിനെതിരെയുള്ള മത്സരത്തില്‍ ടീമിനെ നയിക്കുകയും ചെയ്തു. ഗുര്‍പ്രീത് സിങ് സന്ധു വരുന്നതു വരെ ടീമിന്‍റെ ഒന്നാം നമ്പര്‍ ഗോള്‍കീപ്പറായിരുന്നു കളിക്കളത്തില്‍ സ്പൈഡര്‍മാന്‍ എന്നറിയപ്പെടുന്ന സുബ്രത പാല്‍. മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍, പുണെ, പ്രയാഗ് യുണൈറ്റഡ്, രാജ്ദെജെയ്ദ് യുണൈറ്റഡ് സാല്‍ഗോക്കര്‍ എന്നിവയ്ക്കുവേണ്ടിയും കളിച്ചിട്ടുണ്ട്. ഇടയ്ക്ക് ഡേനിഷ് ക്ലബായ എഫ്.സി. വേസ്ജെലാന്‍ഡിനുവേണ്ടിയും കളിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K