23 April, 2017 10:14:34 PM
ഗുജറാത്ത് ലയണ്‍സിനെതിരേ കിംഗ്സ് ഇലവന് പഞ്ചാബിന് ജയം
രാജ്കോട്ട്: ഗുജറാത്ത് ലയണ്‍സിനെതിരേ കിംഗ്സ് ഇലവന് പഞ്ചാബിന് ജയം. 189 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിന് നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. കിംഗ്സിന് 26 റണ്‍സ് വിജയം. സ്കോര്‍: കിംഗ്സ് ഇലവന് പഞ്ചാബ്- 188/7(20). ഗുജറാത്ത് ലയണ്‍സ്- 162/7(20).
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് തുടക്കത്തില്‍തന്നെ മന്നന് വോറയെ നഷ്ടമായി. തുടര്‍ന്ന് ഹാഷിം അംലയും ഷോണ്‍ മാര്‍ഷും ഗ്ലെന്‍ മാക്സ്വെല്ലും ചേര്‍ന്ന് പഞ്ചാബ് ഇന്നിംഗ്സിനെ കരകയറ്റി. അംല(65), മാര്‍ഷ്(30), മാക്സ്വെല്(31) എന്നിങ്ങനെയായിരുന്നു ഇവരുടെ സ്കോര്‍. അവസാന ഓവറുകളില്‍ അക്സര്‍ പട്ടേല്‍ നടത്തിയ വെടിക്കെട്ട്(17 പന്തില്‍ 34) പഞ്ചാബ് സ്കോര്‍ 188ല്‍ എത്തിച്ചു.
മറുപടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിന് തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടപ്പെട്ടുകൊണ്ടിരുന്നു. 58 റണ്‍സ് നേടി പുറത്താകാതെ നിന്ന ദിനേശ് കാര്‍ത്തിക്കിനും 32 റണ്‍സ് നേടിയ സുരേഷ് റെയ്നക്കും പുറമേ മറ്റാര്‍ക്കും ഗുജറാത്ത് നിരയില്‍ തിളങ്ങാന്‍ കഴിഞ്ഞില്ല. കിംഗ്സിനായി സന്ദീപ് ശര്‍മ, കരിയപ്പ, അക്സര്‍ പട്ടേല്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി.