21 April, 2017 01:19:05 PM
ഗ്ലാമര്‍ താരമാകാന്‍ മരിയ ഷറപോവ; ഗര്‍ഭിണിയായ സെറീന കളിക്കാനില്ല
പാരിസ്: റൊളാങ് ഗാരോയില്‍ നീണ്ട ഇടവേളക്കു ശേഷം മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ മരിയ ഷറപോവ എത്തിയേക്കും. നിരോധിത മരുന്നിന്‍റെ അംശം കണ്ടെത്തിയതിനെ തുടര്‍ന്ന് വിലക്കിലായിരുന്നു റഷ്യന്‍ താരം മരിയ ഷറപോവ. മുമ്പ് രണ്ടു തവണ ഫ്രഞ്ച് ഓപണ്‍ നേടിയ ചരിത്രമുള്ള മരിയ റൊളാങ് ഗാരോയിലെ കളിമണ്‍ കോര്‍ട്ടില്‍ ഇടിമുഴക്കവുമായി തിരിച്ചു വരുമെന്നാണ് പ്രതീക്ഷ. താരത്തിന് ഏര്‍പ്പെടുത്തിയിരുന്ന 15 മാസത്തെ വിലക്ക് അടുത്തയാഴ്ച അവസാനിക്കും.
റാങ്കിങ്ങില്‍ ഇല്ലാത്ത ഷറപോവക്ക് അടുത്ത മാസം ജര്‍മനിയില്‍ നടക്കുന്ന സ്റ്റുട്ട്ഗാര്‍ട്ട് ഗ്രാന്‍ഡ് പ്രീ ടൂര്‍ണമെന്റില്‍ കളിക്കാന്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ലഭിച്ചിട്ടുണ്ട്. എന്നാല്‍, മേയ് 28ന് ആരംഭിക്കുന്ന ഫ്രഞ്ച് ഓപണില്‍ ഇതുവരെ ഷറപോവയ്ക്ക് വൈല്‍ഡ് കാര്‍ഡ് ലഭിച്ചിട്ടില്ല. ലോക ഒന്നാം നമ്പര്‍ താരം സെറീന വില്യംസ് ഗര്‍ഭിണിയായതിനെ തുടര്‍ന്ന് റൊളാങ് ഗാരോയില്‍ ഉണ്ടാവില്ലെന്ന് ഏറക്കുറെ ഉറപ്പായ സ്ഥിതിക്ക് ഷറപ്പോവ വരുകയാണെങ്കില്‍ മത്സരത്തിന്‍റെ താരപരിവേഷം കുറയില്ലെന്ന് ആരാധകര്‍ കരുതുന്നു.
അതേസമയം മരിയക്ക് വൈല്‍ഡ് കാര്‍ഡ് നല്‍കുന്നതിനോട് യോജിപ്പില്ലെന്ന് ഫ്രഞ്ച് ടെന്നിസ് ഫെഡറേഷന്‍ പ്രസിഡന്‍റ് ബര്‍ണാര്‍ഡ് ഗ്വ്യുഡിസെല്ലി വ്യക്തമാക്കുന്നു. 'ഞങ്ങള്‍ നടത്തുന്നത് ടെന്നിസ് ടൂര്‍ണമെന്‍റാണ്, സിനിമയുടെ താര നിര്‍ണയമല്ല' എന്നായിരുന്നു ഗ്വ്യുഡിസെല്ലി പ്രതികരിച്ചത്. സ്റ്റുട്ട്ഗാര്‍ട്ടില്‍ മരിയക്ക് വൈല്‍ഡ് കാര്‍ഡ് നല്‍കിയതിനെതിരെയും മുറുമുറുപ്പ് ഉയര്‍ന്നിട്ടുണ്ട്. മുന്‍ ലോക നമ്പര്‍ വണ്‍ കരോലിന വേസ്‌നിയാക്കിയും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. മേയ് 15നാണ് മരിയ സ്റ്റുട്ട്ഗാര്‍ട്ടില്‍ കോര്‍ട്ടിലിറങ്ങുന്നത്. പ്രകടനം മെച്ചപ്പെട്ടാല്‍ വൈല്‍ഡ് കാര്‍ഡില്ലാതെ റാങ്കിങ്ങിലൂടെ മരിയക്ക് ഫ്രഞ്ച് ഓപണില്‍ കളത്തിലിറങ്ങാനാകും.