18 April, 2017 10:25:59 PM
ശ്രീശാന്തിന്‍റെ ആജീവനാന്ത വിലക്ക് നീക്കാനാകില്ലെന്ന് ബിസിസിഐ
കൊച്ചി: മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന്‍റെ ആജീവനാന്ത വിലക്ക് നീക്കാനാകില്ലെന്ന് ബിസിസിഐ, വിലക്ക് നീക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും വ്യക്തമാക്കിയ ബിസിസിഐ ഇക്കാര്യം ശ്രീശാന്തിനെ അറിയിച്ചു. കേസില്‍ കോടതി കുറ്റവിമുക്തനാക്കിയതിനെത്തുടര്‍ന്ന് വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് ശ്രീശാന്ത് ബിസിസിഐക്ക് കത്ത് നല്‍കിയിരുന്നു. ഈ കത്തിനുള്ള മറുപടിയിലാണ് ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്രി നിലപാട് ആവര്‍ത്തിച്ചത്.
ശ്രീശാന്തിന്റെ വിലക്ക് നീക്കേണ്ട ഒരു സാഹചര്യവും പുതിയതായി ഉണ്ടായിട്ടില്ലെന്നാണ് ബിസിസിഐയുടെ നിലപാട്. ക്രിക്കറ്റിലെ അഴിമതികൾക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ബിസിസിഐക്കുള്ളത്. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കെസിഎ ഭാരവാഹികളായ ടി.സി.മാത്യുവും കെ.അനന്തനാരായണനും കൂടി പങ്കെടുത്ത ബിസിസിഐ വർക്കിംഗ് കമ്മിറ്റി യോഗത്തിലാണ് ശ്രീശാന്ത് ഉൾപ്പടെയുള്ള താരങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയതെന്നും സിഇഒയുടെ കത്ത് ഓർമ്മപ്പെടുത്തുന്നു.
ദില്ലി കോടതി കുറ്റവിമുക്തനാക്കിയിട്ടും ആജീവനാന്ത വിലക്ക് ബിസിസിഐ തുടരുന്നതിനിടെയാണ് ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചത്. സ്കോട്ടിഷ് ലീഗിൽ കളിക്കാൻ അവസരം നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ശ്രീശാന്തിന്‍റെ ഹർജി. എന്നാൽ ഹർജി പരിഗണിച്ച ഹൈക്കോടതി വിലക്ക് നീക്കാൻ ശ്രീശാന്തിന് വീണ്ടും ബിസിസിഐയെ സമീപിക്കാമെന്ന് നിർദ്ദേശിക്കുകയായിരുന്നു. തുടർന്ന് കെസിഎയുടെ പിന്തുണയോടെ മാർച്ച് ആറിനാണ് ശ്രീശാന്ത് വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും ബിസിസിഐയെ സമീപിച്ചത്. ഏപ്രിൽ 15നാണ് ശ്രീശാന്തിന് നൽകിയ മറുപടി കത്തിലാണ് ബിസിസിഐ മുൻ നിലപാടുകൾ ആവർത്തിച്ചത്.
ക്രിക്കറ്റില്‍ നിന്ന് വിലക്കിയതായി കാണിച്ച് ശ്രീശാന്തിന് 2013 ഒക്ടോബറില്‍ ബി.സി.സി.ഐ ഔദ്യോഗികമായി കത്തയച്ചിരുന്നു. എന്നാല്‍ തനിക്ക് അങ്ങനെയൊരു അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് ശ്രീശാന്ത് വ്യക്തമാക്കിയതിനെത്തുടര്‍ന്ന് അന്നത്തെ കത്തിന്റെ പകര്‍പ്പ് ബിസിസിഐ ശ്രീശാന്തിന് അയച്ചിരുന്നു. എറാണാകുളം ജില്ലാ ക്രിക്കറ്റ് ലീഗില്‍ കളിക്കാന്‍ തയാറെടുക്കവെയാണ് വിലക്കിന്റെ പകര്‍പ്പ് ബിസിസിഐ ശ്രീശാന്തിന് വീണ്ടും അയച്ചത്. ഇതിനെത്തുടര്‍ന്ന് വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് ശ്രീശാന്ത് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ബിസിസിഐ വിലക്ക് നിലനില്‍ക്കുന്നതിനാല്‍ സ്‌കോട്ട്‌ലന്‍ഡിലെ ഗ്ലെന്റോര്‍ത്ത്‌സ് ക്രിക്കറ്റ് ക്ലബില്‍ ചേരാനുള്ള ശ്രീശാന്തിന്റെ ശ്രമങ്ങള്‍ വിജയിച്ചിരുന്നില്ല.