10 April, 2017 05:23:24 PM
രണ്ട് പന്തില്‍ 18 റണ്‍സ്, മറക്കാനാകാത്ത ഇന്നിംഗ്സുമായി മനീഷ് പാണ്ഡെ
മുംബൈ: ഇന്ത്യന്‍സിനെതിരായ ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പരാജയപ്പെട്ടെങ്കിലും മനീഷ് പാണ്ഡയുടെ ഇന്നിങ്സ് ആര്‍ക്കും മറക്കാനാകില്ല. അതില്‍ അവസാന ഓവറിലെ ആദ്യ രണ്ട് പന്തുകളും. മുംബൈ ബൗളര്‍ മിച്ചല്‍ മക്ഗ്ലീകന്‍ എറിഞ്ഞ ഓവറിലെ ആദ്യ പന്ത് ഇരുപത്തിയേഴുകാരനായ പാണ്ഡെ മിഡ്വിക്കറ്റിന് മുകളിലൂടെ സിക്സിലേക്ക് പായിച്ചു. കിവി ബൗളറുടെ അടുത്ത പന്ത് നോബോളായി. അത് ബൗണ്ടറി ലൈന്‍ കടത്തി പാണ്ഡെ നാല് റണ്‍സ് നേടി. ഇതോടെ ഒരു പന്തില്‍ നിന്ന് മൊത്തം 11 റണ്‍സായി. ആ ഓവറിലെ അടുത്ത പന്തില്‍ ഫ്രീ ഹിറ്റിനുള്ള അവസരമായിരുന്നു. അത് വൈഡ് എറിഞ്ഞ മക്ഗ്ലീകന്‍ വീണ്ടും കൊല്‍ക്കത്തക്ക് ഒരു റണ്‍ കൂടി സൗജന്യമായി നല്‍കി.
ഇതോടെ ആ ഓവറില്‍ ഒരൊറ്റ പന്തില്‍ 12 റണ്‍സെന്ന അവസ്ഥയിലായി. പിന്നീട് അടുത്ത പന്ത് പാണ്ഡെ സിക്സിലേക്ക് പായിച്ചതോടെ മക്ഗ്ലീകന്‍ 18 റണ്‍സാണ് വഴങ്ങിയത്. അതും രണ്ട് പന്തില്‍. അതുകൊണ്ടും അവസാനിച്ചില്ല. ആ ഓവറിലെ നാലം പന്തില്‍ പാണ്ഡെ വീണ്ടും ഫോറടിച്ചു. 47 പന്തില്‍ പുറത്താകാതെ മൊത്തം 81 റണ്‍സാണ് മനീഷ് പാണ്ഡെ അടിച്ചു കൂട്ടിയത്.