08 April, 2017 04:00:33 PM
ജമ്മു സർവകലാശാലയിൽ കശ്മീരി വിദ്യാർഥികളെ ഫുട്ബോൾ മാച്ചിൽ നിന്നും ഒഴിവാക്കി
ശ്രീനഗർ: ജമ്മു കശ്മീരിലെ സർവകലാശാലയിൽ എ.ബി.വി.പി പ്രവർത്തകർ കശ്മീരി വിദ്യാർഥികളെ ഫുട്ബോൾ മാച്ചിൽ നിന്നും പുറത്താക്കി. വെള്ളിയാഴ്ച ജമ്മു യൂനിവേഴ്സിറ്റിയും ഇസ്ലാമിക് യൂനിവേഴ്സിറ്റി ഒാഫ് സയൻസ് ആൻറ് ടെക്നോളജി ടീമും തമ്മിലുള്ള മാച്ചിനിടെ കശ്മീരിലെ വിദ്യാർഥികൾ ദേശീയ ഗാനത്തോട് അനാദരവു കാണിച്ചെന്നാരോപിച്ചായിരുന്നു സംഭവം.
അതേസമയം, കശ്മീരി വിദ്യാർഥികൾ ദേശീയഗാനത്തോട് അനാദരവ് കാണിച്ചെന്ന എ.ബി.വി.പി പ്രവർത്തകരുടെ വാദം തെറ്റാണെന്നും രണ്ടു തവണയും അവർ എഴുന്നേറ്റ് അറ്റൻഷനിൽ നിന്നതായും സർവകലാശാല സ്പോർട്ട്സ് ആൻറ് ഫിസിക്കൽ എജ്യൂക്കേഷൻ ഡയറക്ടർ പ്രഫ. അവതാർ സിങ് ജസ്റോത്യ പറഞ്ഞു. കശ്മീരികളെ അപമാനിക്കുന്നത് പുതിയ ഇന്ത്യയിൽ നിത്യ സംഭവമായി മാറികൊണ്ടിരിക്കയാണണെന്ന് നാഷണൽ കോൺഫറനസ് നേതാവ് ഫാറൂഖ് അബ്ദുല്ല പ്രതികരിച്ചു.
എന്നാൽ ദേശീയ ഗാനം പാടുേമ്പാൾ എല്ലാവരും എഴുന്നേറ്റ് നിന്നിരുന്നെന്നും യാതൊരു വിധത്തിലുള്ള അനാദരവും കാണിച്ചില്ലെന്നും വിദ്യാർഥികൾ പറഞ്ഞു. എ.ബി.വി.പി പ്രവർത്തകർ രണ്ടാം തവണ ദേശീയഗാനം വെച്ചപ്പോഴും തങ്ങൾ എഴുന്നേറ്റ് അറ്റൻഷനിൽ നിൽക്കുകയാണ് ചെയ്തതെന്നും അവർ പറഞ്ഞു. ദേശീയ പതാകയുമായി മുദാവാക്യം വിളിച്ചെത്തിയ പ്രവർത്തകർ ഭാരതത്തിൽ ജീവിക്കണമെങ്കിൽ വന്ദേ മാതരം വിളിക്കണമെന്ന് ആവശ്യപ്പെട്ടതായും വിദ്യാർഥികൾ പറഞ്ഞു.