07 April, 2017 10:21:04 AM
ഫിഫ ഫുട്‌ബോള്‍ റാങ്കിംഗ്: ഇന്ത്യ രണ്ടു പതിറ്റാണ്ടിനു ശേഷം മികച്ച റാങ്കില്‍
ലണ്ടന്‍ : ഫിഫ ഫുട്‌ബോള്‍ റാങ്കിങ്ങില്‍ ഇന്ത്യക്ക് വന്‍ കുതിപ്പ്. പുതിയ പട്ടിക പ്രകാരം 101 ആം സ്ഥാനത്താണ് ഇന്ത്യ. 1993 നുശേഷം ആദ്യമായി ഇന്ത്യ മികച്ച റാങ്കിലെത്തുന്നത്. 1993ല്‍ 100 ആം സ്ഥാനത്തായിരുന്നു ഇന്ത്യ.
സമീപകാലത്തെ മികച്ച പ്രകടനങ്ങളാണ് ഇന്ത്യയ്ക്ക് വന്‍ നേട്ടമായത്. വിദേശ പരിശീലകനായ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈനു കീഴില്‍ തുടര്‍ച്ചയായ ആറ് ജയങ്ങളാണ് ഇന്ത്യ നേടിയത്. ആകെ 13 കളികളില്‍ 11 ലും ജയം നേടി. കഴിഞ്ഞവര്‍ഷം പ്യൂര്‍ടോ റിക്കോയ്‌ക്കെതിരായ ജയത്തോടെ ഇന്ത്യ 129 ആം സ്ഥാനത്തെത്തിയിരുന്നു. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ തുര്‍ക്ക്‌മെനിസ്ഥാനത്തോടാണ് അവസാനമായി ഇന്ത്യ പരാജയപ്പെടുത്തിയത്.
വിദേശത്ത് നേടിയ രണ്ട് വിജയങ്ങളും ഇന്ത്യയുടെ റാങ്കിംഗിലെ കുതിപ്പിന് സഹായമായി. കംബോഡിയക്കെതിരായ സൗഹൃദമത്സരത്തില്‍ 3-2 ന് ആയിരുന്നു ഇന്ത്യയുടെ ജയം. കംബോഡിയക്കെതിരായ വിജയം വിദേശ മണ്ണില്‍ 12 വര്‍ഷത്തിനുശേഷം നേടിയ ജയമായിരുന്നു. തുടര്‍ന്ന് എഎഫ്‌സി ഏഷ്യന്‍ കപ്പ് യോഗ്യതാമല്‍സരത്തില്‍ മ്യാന്‍മറിനെയും ഇന്ത്യ കീഴടക്കിയിരുന്നു.
റാങ്കിംഗ് പട്ടിക പ്രകാരം 46 ടീമുകളുള്ള ഏഷ്യന്‍മേഖലയില്‍ 11 ആം സ്ഥാനത്താണ് ഇന്ത്യ. അര്‍ജന്റീനയെ മറികടന്ന് ബ്രസീലാണ് പട്ടികയില്‍ ഒന്നാമത്. ഏഴുവര്‍ഷത്തിനുശേഷമാണ് ബ്രസീല്‍ ഒന്നാം റാങ്കില്‍ എത്തുന്നത്. അര്‍ജന്റീന രണ്ടാം സ്ഥാനത്തേയ്ക്ക് ഇറങ്ങിയപ്പോള്‍, ജര്‍മനി മൂന്നാം സ്ഥാനത്തും, ചിലി നാലാം സ്ഥാനത്തുമുണ്ട്. കൊളംബിയയാണ് അഞ്ചാമത്