23 March, 2017 09:44:16 AM


സന്തോഷ് ട്രോഫി: സെമിയില്‍ ഇന്ന് കേരളം ഗോവയോട് ഏറ്റുമുട്ടും



മഡ്ഗാവ് : സന്തോഷ് ട്രോഫി ഫുട്ബോളില്‍ ഇന്ന് നടക്കുന്ന സെമിയില്‍ കേരളം ആതിഥേയരായ ഗോവയോട് ഏറ്റുമുട്ടും. 13 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം കിരീടം കൊതിക്കുന്ന കേരളം പ്രതീക്ഷയോടെ ഇന്നിറങ്ങുന്നു. മരണഗ്രൂപ്പില്‍നിന്ന് ഒന്നാം സ്ഥാനക്കാരായിട്ടാണ് സെമിയിലേക്ക് മുന്നേറിയത്. ബാംബോലിം ജിഎംസി സ്റ്റേഡിയത്തില്‍ രാത്രി ഏഴിനാണ് പോരാട്ടം. മറ്റൊരു സെമിയില്‍ ബംഗാള്‍ മിസോറമുമായി ഏറ്റുമുട്ടും. പകല്‍ മൂന്നിനാണ് ആദ്യ സെമി.

ഗ്രൂപ്പിലെ മഹാരാഷ്ട്രയോടേറ്റ ഇരട്ടഗോള്‍ തോല്‍വിയൊന്നും കേരളത്തിന്റെ ആത്മവിശ്വാസത്തിന് പോറല്‍ ഏല്‍പ്പിച്ചിട്ടില്ല. ഗ്രൂപ്പ് ജേതാക്കളായി കേരളമെത്തുമ്പോള്‍ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായാണ് ഗോവ സെമിയിലിടം പിടിച്ചത്. രണ്ട് ജയവും സമനിലയുമാണ് മറ്റ് മത്സരങ്ങളില്‍ കേരളം നേടിയത്. ഗോവ തോല്‍വിയറിഞ്ഞിട്ടില്ല. രണ്ടുവീതം ജയവും സമനിലയുമായിരുന്നു.

ആക്രമണ ശൈലിയില്‍ മൈതാനം നിറഞ്ഞു കളിക്കുന്ന കേരളം ഇതുവരെ 10 തവണ പന്ത് എതിരാളികളുടെ വലയിലെത്തിച്ചു. പ്രതിരോധം ഏഴ് ഗോള്‍ വഴങ്ങി. സെമിയില്‍ ഈ കോട്ടം നികത്താമെന്ന ആത്മവിശ്വാസമുണ്ട്. എതിരാളികളുടെ പ്രതിരോധം ഭേദിച്ച് കുതിക്കുന്ന ജോബി ജസ്റ്റിന്‍  ഹാട്രിക് ഉള്‍പ്പെടെ നാലു ഗോളുകളുമായി ടൂര്‍ണമെന്റിലെ ഗോള്‍ വേട്ടയില്‍ ഒന്നാംസ്ഥാനത്താണ്. ഉസ്മാന്‍, എല്‍ദോസ് ജോര്‍ജ്ജ്, സഹല്‍ അബ്ദുള്‍ സമദ് എന്നിവര്‍ ജോബിന് മികച്ച പിന്തുണ നല്‍കുന്നു.

ആദ്യമായാണ് 21 വയസ്സിന് താഴെയുള്ള അഞ്ച് കളിക്കാരുമായി കേരളം ഇറങ്ങുന്നത്. ഇതില്‍ മൂന്നുപേര്‍ ആദ്യ പതിനൊന്നില്‍ ഉള്‍പ്പെടണം. കണ്ണൂര്‍ എസ്എന്‍ കോളേജിലെ സഹല്‍,ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ മുഹമ്മദ് പാറക്കോട്ടില്‍,അരിക്കോട് എസ് എസ് കോളേജിലെ അസ്ഹറുദ്ദീന്‍, മഞ്ചേരി എന്‍എസ് കോളേജിലെ ജിഷ്ണു ബാലകൃഷ്ണന്‍, തിരുവനന്തപുരം സെന്റ് സേവിയേഴ്സ് കോളേജിലെ നിഷോണ്‍ സേവ്യര്‍ എന്നിവരാണ് ടീമിലെ കോളേജ് വിദ്യാര്‍ഥികള്‍.

ഒത്തൊരുമയും കഠിനാധ്വാനം ചെയ്യാന്‍ മടിയില്ലാത്ത കളിക്കാരെ ലഭിച്ചതുമാണ് മികച്ച മത്സരം കാഴ്ചവെക്കാന്‍ ടീമിന് കഴിയുന്നതെന്ന് കോച്ച് വി പി ഷാജി പറഞ്ഞു. ഗോവയ്ക്ക് മികച്ച കളിക്കാരുണ്ട്. സ്വന്തം തട്ടകമാണ്. യുവനിരയുടെ ഊര്‍ജംകൊണ്ട് ഇതിനെ മറികടക്കാനാകുമെന്നാണ് പ്രതീക്ഷ- ഷാജി പറയുന്നു. ആദ്യംതന്നെ സ്കോര്‍ ചെയ്ത് ഗോവയെ പ്രതിരോധത്തിലാക്കുക എന്നതാണ് തന്ത്രമെന്ന് ക്യാപ്റ്റന്‍ ഉസ്മാന്‍ പറഞ്ഞു. പ്രതിരോധത്തിലെ പാളിച്ചകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട് അത് പരിഹരിക്കും. ബുധനാഴ്ച വൈകീട്ട് ഒന്നര മണിക്കൂര്‍ ടീം പരിശീലനത്തിനിറങ്ങി. ആര്‍ക്കും പരിക്കില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K