19 March, 2017 12:55:47 PM


പരമ്പരയിൽ ആദ്യമായി ഇന്ത്യയ്ക്ക് ലീഡ്; ഓസീസിനെ വെട്ടിലാക്കി പൂജാരയും സാഹയും




റാഞ്ചി: മഹേന്ദ്ര സിങ് ധോണിയുടെ നാട്ടിൽ വിരുന്നെത്തിയ കന്നി ടെസ്റ്റ് മൽസരത്തിൽ, ആരാധകരെ ത്രസിപ്പിക്കുന്ന പോരാട്ടത്തിലൂടെ ടീമിന് ലീഡ് സമ്മാനിച്ച് ചേതേശ്വർ പൂജാരയും വൃദ്ധിമാൻ സാഹയും. സെഞ്ചുറി കൂട്ടുകെട്ടുമായി (127*) ഓസീസ് പടയോട്ടത്തിന് ചിറ കെട്ടിയ ഇരുവരുടെയും മികവിൽ, ആറു വിക്കറ്റ് നഷ്ടത്തിൽ 455 റൺസ് എന്ന നിലയിലാണ് ഇന്ത്യ. രാജ്യാന്തര കരിയറിലെ ദൈർഘ്യമേറിയ ഇന്നിങ്സുമായി പൂജാര (173) ക്രീസിലുണ്ട്. മറുവശത്ത് 'വിക്കറ്റ് കാത്ത്' വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ വൃദ്ധിമാൻ സാഹയും (70) തുണ നിൽക്കുന്നു. നാലു വിക്കറ്റ് ബാക്കി നിൽക്കെ ഇന്ത്യയ്ക്ക് നാലു റൺസിന്റെ ലീഡുണ്ട്. പരമ്പരയിൽ ആദ്യമായാണ് ഇന്ത്യ ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കുന്നത്.


ഇതുവരെ 455 പന്തുകൾ നേരിട്ട പൂജാര, 19 ബൗണ്ടറികളുടെ അകമ്പടിയോടെയാണ് 173 റൺസെടുത്തത്. 143 പന്തുകൾ നേരിട്ട സാഹയാകട്ടെ, ആറു ബൗണ്ടറികളും ഒരു സിക്സുമുൾപ്പെടെയാണ് 70ൽ എത്തിയത്. ഒന്നര ദിവസത്തെ കളി മാത്രം ബാക്കി നിൽക്കെ മൽസരം സമനിലയിൽ അവസാനിക്കാനാണ് സാധ്യതയേറെയും. അതേസമയം, അവസാന ദിനങ്ങളിൽ ബാറ്റ്സ്മാൻമാരെ 'പിച്ചുന്ന' ഇന്ത്യൻ പിച്ചുകളുടെ സ്ഥിരം സ്വഭാവം റാഞ്ചി പിച്ചും ആവർത്തിച്ചാൽ മൽസരത്തിന് ഫലമുണ്ടാകാനുള്ള സാധ്യതയും തള്ളാനാകില്ല. അതുകൊണ്ടുതന്നെ ഇന്ത്യയുടെ മുന്നിലുള്ള ലക്ഷ്യം വ്യക്തം: ആദ്യം പരമാവധി ലീഡ് കണ്ടെത്തി സ്വന്തം നില സുരക്ഷിതമാക്കുക. പിന്നെ രണ്ടാം ഇന്നിങ്സിൽ എത്രയും വേഗം ഓസീസിനെ ചുരുട്ടിക്കെട്ടുക.

ആറിന് 360 റൺസ് എന്ന നിലയിൽ ഇന്ന് ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്കായി പ്രതിരോധത്തിലൂന്നി, സാഹസത്തിനൊന്നും മുതിരാതെയുള്ള കളിയാണ് പൂജാരയും സാഹയും കെട്ടഴിച്ചത്. മോശം പന്തുകളെ മാത്രം ശിക്ഷിച്ചും നല്ല പന്തുകൾക്ക് അർഹിക്കുന്ന ബഹുമാനം നൽകിയും ഇരുവരും ഇന്ത്യൻ ഇന്നിങ്സിനെ മുന്നോട്ടു നയിച്ചു. ഇതുവരെ 45.2 ഓവർ ക്രീസിൽ നിന്ന ഇരുവരും 2.36 റൺ ശരാശരിയിലാണ് 127 റൺസ് കൂട്ടിച്ചേർത്തത്.

നേരത്തെ, മുരളി വിജയിനൊപ്പം (82) സെഞ്ചുറി കൂട്ടുകെട്ടും അജിങ്ക്യ രഹാനെയ്ക്കൊപ്പം അർധസെഞ്ചുറി കൂട്ടുകെട്ടും (51) തീർത്ത പൂജാര പങ്കാളിയാകുന്ന മൂന്നാമത്തെ മികച്ച കൂട്ടുകെട്ടാണിത്. ഒന്നാം വിക്കറ്റിൽ മുരളി വിജയ്–ലോകേഷ് രാഹുൽ സഖ്യം 91 റൺസ് കൂട്ടിച്ചേർത്തിരുന്നു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K