16 March, 2017 10:10:40 AM
റാഞ്ചിയില്‍ ഇന്ത്യയ്‌ക്ക് തിരിച്ചടി; ടോസ് ഓസ്‌ട്രേലിയയ്‌ക്ക്
റാഞ്ചി: അതി നിര്‍ണായകമായ മൂന്നാം ടെസ്റ്റില്‍ മല്‍സരത്തിന് മുമ്പ് തന്നെ ഇന്ത്യയ്‌ക്ക് തിരിച്ചടി. സ്‌പിന്നിന് ഏറെ അനുകൂലമായ പിച്ചില്‍ കളിയുടെ ഭാഗധേയം നിര്‍ണയിക്കുമെന്ന് കരുതിയിരുന്ന ടോസ് ഇന്ത്യയ്‌ക്ക് നഷ്‌ടമായി. ടോസ് നേടിയ ഓസീസ് നായകന്‍ സ്റ്റീവ് സ്‌മിത്ത് ബാറ്റിങ് തെരഞ്ഞെടുത്തു. ഓരോ മാറ്റങ്ങളുമായാണ് ഇന്ത്യയും ഓസ്‌ട്രേലിയയും റാഞ്ചിയില്‍ ഇറങ്ങുന്നത്. അഭിനവ് മുകുന്ദിന് പകരം മുരളി വിജയ് ഇന്ത്യന്‍ നിരയില്‍ മടങ്ങിയെത്തി.
സ്‌പിന്‍ അനുകൂല സാഹചര്യം മുതലെടുക്കാന്‍ ഓസ്‌ട്രേലിയ പാറ്റ് കമ്മിണ്‍സിന് പകരം സ്‌പിന്‍ ബൗളറും ഓള്‍റൗണ്ടറുമായ ഗ്ലെന്‍ മാക്‌സ്‌വെലിനെ ടീമില്‍ ഉള്‍പ്പെടുത്തി. ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയയും രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുമാണ് ജയിച്ചത്. എന്നാല്‍ ഈ മല്‍സരം ഓസ്‌ട്രേലിയ ജയിച്ചാല്‍ ബോര്‍ഡര്‍-ഗാവസ്ക്കര്‍ ട്രോഫി അവര്‍ക്ക് ഉറപ്പിക്കാനാകും. പരമ്പര സമനിലയിലായാല്‍ ഒടുവില്‍ ബോര്‍ഡര്‍-ഗാവസ്ക്കര്‍ ട്രോഫി നേടിയ ടീമിന് കിരീടം നിലനിര്‍ത്താനാകും.