14 March, 2017 09:17:14 PM
വാതുവെപ്പ് ആരോപണം; പാക് പേസര്‍ മുഹമ്മദ് ഇര്‍ഫാന് സസ്‌പെന്‍ഷന്‍
പെഷവാര്‍: പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ക്കിടെ വാതുവെപ്പുകാരന്‍ സമീപിച്ചുവെന്ന കാര്യം റിപ്പോര്‍ട്ട് ചെയ്യാത്തതിന് പാക് പേസര്‍ മുഹമ്മദ് ഇര്‍ഫാനെ പാക് ക്രിക്കറ്റ് ബോര്‍ഡ് സസ്‌പെന്‍ഡ് ചെയ്തു. അഴിമതിനിരോധന നിയമപ്രകാരമാണ് നടപടി. വാതുവെപ്പുകാര്‍ സമീപിച്ച കാര്യം റിപ്പോര്‍ട്ട് ചെയ്യാത്തതിന്റെ പേരില്‍ രണ്ട് കുറ്റങ്ങങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇതില്‍ 14 ദിവസത്തിനകം രേഖാമൂലെ വിശദീകരണം നല്‍കണമെന്ന് പിസിബി ഇര്‍ഫാനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തെ ഇര്‍ഫാന്‍ പിസിബിയുടെ അഴിമതിവിരുദ്ധ സമിതിയ്ക്ക് മുമ്പാകെ ഹാജരായിരുന്നു. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിനിടെ വാതുവെപ്പുകാകാരന്‍ സമീപിച്ചതായി ഇര്‍ഫാന്‍ സമിതിക്ക് മുമ്പാകെ സമ്മതിച്ചിരുന്നു. എന്നാല്‍ പിതാവിന്റെ മരണത്തെത്തുടര്‍ന്നുള്ള മാനസിക വിഷമത്തിലായതിനാലാണ് ഇക്കാര്യം പിസിബിയെ അറിയിക്കാതിരുന്നതെന്നാണ് ഇര്‍ഫാന്റെ വിശദീകരണം.
നേരത്തെ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിനിടെ വാതുവെപ്പുകാരനുമായി ബന്ധപ്പെട്ട മുന്‍ പാക് താരം നാസിര്‍ ജംഷദിനെ ക്രിക്കറ്റില്‍ നിന്ന് വിലക്കാന്‍ പിസിബി തിരുമാനിച്ചിരുന്നു. ദുബായില്‍ നടന്ന പിഎസ്എല്‍ മത്സരങ്ങള്‍ക്കിടെ നാസിര്‍ ജംഷദ് പറഞ്ഞ വാതുവെപ്പുകാരനുമായി ബന്ധപ്പെടാന്‍ ശ്രമിച്ചുവെന്ന ആരോപണത്തില്‍ ഷര്‍ജീല്‍ ഖാന്‍, ഖാലിദ് ലത്തീഫ് എന്നിവരെ ടൂര്‍ണമെന്റിനിടെ പാക്കിസ്ഥാനിലേക്ക് തിരിച്ചയക്കുകയും ചെയ്തിരുന്നു. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗുമായി ബന്ധപ്പെട്ട വാതുവെപ്പ് വിവാദത്തിലും നാസിര്‍ ജംഷദ് കണ്ണിയായിരുന്നുവെന്ന് ആരോപണമുയര്‍ന്നിരുന്നു.