10 March, 2017 11:35:29 PM


ഡിആര്‍എസ് വിവാദം : ഐസിസിക്കെതിരെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഗാവസ്കര്‍



ബംഗളൂരു: ഡിആര്‍എസ് ഉപയോഗിക്കണോയെന്ന് ഡ്രസ്സിങ് റൂമിലേക്ക് ഉപദേശം ചോദിച്ച ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തിനെതിരെ നടപടിയെടുക്കാത്ത ഐസിസിയുടെ തീരുമാനത്തിനെതിരെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഗാവസ്കര്‍ രംഗത്ത്. ചില രാജ്യങ്ങള്‍ക്ക് പ്രത്യേക പരിഗണണ നല്‍കുകയും മറ്റു ചിലര്‍ക്ക് നല്‍കാതിരിക്കുകയും എന്നത് ശരിയല്ലെന്ന് ഗാവസ്കര്‍ പറഞ്ഞു. ഇനിയൊരിക്കല്‍ ഇന്ത്യന്‍ കളിക്കാരന്‍ സ്മിത്തിനെ പോലെ ചെയ്താലും പരിഗണന നല്‍കരുതെന്നും ഐസിസിയെ വിമര്‍ശിച്ച് ഗാവസ്കര്‍ പ്രതികരിച്ചു.


ബംഗളൂരു ടെസ്റ്റില്‍ ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിങ്സിലാണ് വിവാദത്തിന് തുടക്കമിട്ട സംഭവമുണ്ടായത്. ഉമേഷ് യാദവിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങിയ സ്മിത്ത് കൂട്ടുകാരന്‍ പീറ്റര്‍ ഹാന്‍ഡ്സ്കോമ്പിനോട് ചര്‍ച്ച ചെയ്തതിനുശേഷം ഡിആര്‍എസ് എടുക്കണോയെന്ന് ഡ്രസ്സിങ് റൂമിലേക്ക് നോക്കി ചോദിച്ചു. അമ്പയര്‍ ഇടപെട്ട് തടസ്സപ്പെടുത്തിയ ഉടനെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി സ്മിത്തിനെ ചോദ്യം ചെയ്തു. സ്മിത്ത് കൂടാരത്തിലേക്ക് മടങ്ങി.  മത്സരം 75 റണ്ണിന് ജയിച്ച് ഇന്ത്യ പരമ്പരയില്‍ ഓസീസിനൊപ്പമെത്തുകയും ചെയ്തു. എങ്കിലും വാര്‍ത്താസമ്മേളനത്തില്‍ കോഹ്ലി കടുത്ത ഭാഷയില്‍ ഓസ്ട്രേലിയന്‍ ടീമിനെയും ക്യാപ്റ്റനെയും വിമര്‍ശിച്ചു. സ്മിത്തിന്റെ പെരുമാറ്റം അബദ്ധമായിരുന്നില്ലെന്നും ചതിയാണെന്നുമായിരുന്നു കോഹ്ലി പറഞ്ഞത്.


സ്മിത്തിനെ പിന്തുണച്ച് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് സംഘടനയും കോഹ്ലിയുടെ വിമര്‍ശനം ഏറ്റെടുത്ത് ബിസിസിഐയും രംഗത്തുവന്നതോടെ വിവാദം പടര്‍ന്നു. ഓസീസിന്റെ മുന്‍ നായകരായ മൈക്കേല്‍ ക്ളാര്‍ക്കും സ്റ്റീവ് വോയും അവരുടെ പിന്‍ഗാമിയുടെ പെരുമാറ്റം ശരിയായില്ലെന്ന് വ്യകതമാക്കി. ഗാവസ്കര്‍ക്കൊപ്പം സൌരവ് ഗാംഗുലിയും സ്മിത്തിനെ വിമര്‍ശിച്ചു. എന്നാല്‍ ഡ്രസ്സിങ് റൂമിലേക്ക് നോക്കി ഉപദേശം തേടിയതില്‍ സ്മിത്ത് തെറ്റുകാരനല്ലെന്നായിരുന്നു. ഐസിസിയുടെ നിലപാട്. ഒപ്പം കോഹ്ലിയുടെ പെരുമാറ്റവും ലോകസംഘടന അംഗീകരിച്ചു. ഇതിനെതിരെയായിരുന്നു ഗാവസ്കറുടെ പ്രതികരണം.


സ്മിത്തിന്റെ സ്ഥാനത്ത് കോഹ്ലിയായിരുന്നു ഡ്രസ്സിങ് റൂമിലേക്ക് നോക്കി ഡിആര്‍എസ് എടുക്കാന്‍ ഉപദേശം തേടിയിരുന്നതെങ്കില്‍ മാച്ച് റഫറിയും ഐസിസിയും എന്ത് നടപടിയെടുക്കുമായിരുന്നു എന്നറിയാന്‍ ആഗ്രഹമുണ്ടെന്ന് ഗാവസ്കര്‍ എന്‍ഡിടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അതിനിടെ സ്മിത്തിനും പീറ്റര്‍ ഹാന്‍ഡ്സ്കോമ്പിനുമെതിരെ ബിസിസിഐ ഐസിസിക്ക് ഔദ്യോഗികമായി പരാതി നല്‍കി. ക്രിക്കറ്റിന്റെ സത്തയ്ക്കെതിരെ പ്രവര്‍ത്തിച്ചതിന് ഇരുവര്‍ക്കുമെതിരെ ലെവല്‍ 2 കുറ്റം ചുമത്തണമെന്ന് ബിസിസിഐ പരാതിയില്‍ ആവശ്യപ്പെട്ടു. ഡിആര്‍എസ് നിയമം അറിയില്ലെന്നും തന്റെ നിര്‍ദ്ദേശപ്രകാരമാണ് സ്മിത്ത് പ്രവര്‍ത്തിച്ചതെന്നുമായിരുന്നു ഹാന്‍ഡ്സ്കോമ്പ് പറഞ്ഞത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K