10 March, 2017 11:26:26 PM


ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക പുറത്ത്, ന്യൂസിലന്‍റിന് മികച്ച തുടക്കം



ഡുനെഡിന്‍ : ന്യൂസിലന്‍ഡുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക 308ന് പുറത്തായി. മികച്ച തുടക്കത്തിനു ശേഷം തകര്‍ന്ന ദക്ഷിണാഫ്രിക്കയുടെ അവസാന നാലു വിക്കറ്റുകള്‍ 29 റണ്ണിന് വീണു. മറുപടിയില്‍ ന്യൂസിലന്‍ഡ് മൂന്നുവിക്കറ്റ് നഷ്ടത്തില്‍ 177 റണ്ണെടുത്തു. ഏഴുവിക്കറ്റ് ശേഷിക്കെ കിവീസ് 131 റണ്‍ പിറകിലാണ്. അര സെഞ്ചുറി പൂര്‍ത്തിയാക്കിയ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും (78) ഒമ്പതു റണ്ണുമായി ജീത് പട്ടേലുമാണ് ക്രീസില്‍.


നേരത്തെ നാലിന് 229 എന്ന നിലയില്‍ രണ്ടാംദിനം ബാറ്റിങ് തുടര്‍ന്ന ദക്ഷിണാഫ്രിക്ക 32.4 ഓവറില്‍ പുറത്തായി. ഡീന്‍ എല്‍ഗര്‍ 140ഉം ടെമ്പ ബാവുമ 64ഉം റണ്ണെടുത്തു. നാലുവിക്കറ്റ് വീഴ്ത്തിയ ട്രെന്റ് ബോള്‍ട്ടും മൂന്നുവിക്കറ്റ് സ്വന്തമാകിയ നീല്‍ വാഗ്നറുമാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ്ങിന്റെ നടുവൊടിച്ചത്. എല്‍ഗറിനെ വാഗ്നര്‍ വിക്കറ്റ് കീപ്പര്‍ ബി ജെ വാറ്റ്ലിങ്ങിന്റെ കൈയിലെത്തിച്ചു. ബാവുമയെ ബോള്‍ട്ട് പറഞ്ഞയച്ചു. ക്യാപ്റ്റന്‍ ക്വിന്റണ്‍ ഡി കോക്ക് പത്ത് റണ്ണുമായി ജീത് പട്ടേലിന് വിക്കറ്റ് നല്‍കി മടങ്ങി. ശേഷിച്ചവര്‍ക്ക് പിടിച്ചുനില്‍ക്കാനാകാതെ വന്നതോടെ വന്‍ സ്കോറിലേക്ക് കുതിക്കുകയായിരുന്ന ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്സ് കൂപ്പുകുത്തി. കിവീസിനായി ജീത് പട്ടേല്‍ രണ്ടുവിക്കറ്റ് വീഴ്ത്തി. 


പേസര്‍മാരെ സഹായിച്ച പിച്ചില്‍ ന്യൂസിലന്‍ഡിന് തുടക്കത്തില്‍ തന്നെ തിരിച്ചടികിട്ടി. വെറോണ്‍ ഫിലാന്‍ഡറുടെ പന്തില്‍ ടിം ലാഥം 10 റണ്ണുമായി കൂടാരം കയറി. എന്നാല്‍ രണ്ടാംവിക്കറ്റില്‍ ജീത് റാവലിനൊപ്പം (52) കൂടിയ വില്യംസണ്‍ 102 റണ്‍ ചേര്‍ത്തു. റാവലിനുശേഷമെത്തിയ ടെയ്ലര്‍ (8)  പരിക്കുമായി തിരിച്ചുകയറി. ഹെന്റി നികോള്‍സിന് (12) അധികം ആയുസുണ്ടായില്ല. ജീതന്‍ പട്ടേലും വില്യംസണും കൂടുതല്‍ അപകടമില്ലാതെ രണ്ടാംദിനക്കളി അവസാനിപ്പിച്ചു. കേശവ് മഹാരാജ് ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി രണ്ടുവിക്കറ്റെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K