09 March, 2017 12:20:35 PM


സെല്‍ഫിക്കായി മഹേന്ദ്രസിങ് ധോണിയെ ആരാധിക നടുറോഡില്‍ തടഞ്ഞു നിര്‍ത്തി




റാഞ്ചി : ആരാധന മൂത്ത് സെല്‍ഫിക്കായി വിമാനത്തില്‍ പിന്തുടര്‍ന്നെത്തിയ ആരാധിക മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയുടെ ആഡംബരകാറായ ഹമ്മര്‍ തടഞ്ഞുനിര്‍ത്തി. കൊല്‍ക്കത്തയില്‍നിന്നു റാഞ്ചി വിമാനത്താവളത്തില്‍ വന്നിറങ്ങിയ ധോണി വീട്ടിലേക്ക് പോകാന്‍ ഹമ്മറില്‍ കയറിയ ഉടനെയാണ് ഇരുപതുകാരിയായ ആരാധിക വാഹനം തടഞ്ഞത്.


ദില്ലി സ്വദേശിയായ ആരാധിക കൊല്‍ക്കത്തയില്‍നിന്നു ധോണി കയറിയ വിമാനത്തില്‍ പിന്തുടരുകയായിരുന്നു. കൊല്‍ക്കത്തയില്‍ വിജയ് ഹസാരെ ടൂര്‍ണമെന്റില്‍ പ്രാഥമിക മല്‍സരങ്ങള്‍ക്കുശേഷം മടങ്ങുകയായിരുന്നു ധോണി. റാഞ്ചി വിമാനത്താവളത്തില്‍ വച്ചാണ് ആരാധിക അഞ്ചുമിനിറ്റോളം വാഹനം തടഞ്ഞത്. വിമാനത്താവളം അധികൃതരെയും സുരക്ഷാ ജീവനക്കാരെയും ഇത് അമ്ബരപ്പിച്ചു.

ഓട്ടോഗ്രാഫും സെല്‍ഫിയും വേണമെന്ന് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞ് ബഹളം കൂട്ടുന്നതിനിടെ ആരാധികയുടെ ഹാന്‍ഡ് ബാഗ് വാഹനത്തിന്റെ ടയറില്‍ കുരുങ്ങി. ഇത് അല്‍പനേരം പരിഭ്രാന്തി പരത്തി. എന്നാല്‍ ധോണി വാഹനത്തില്‍ത്തന്നെ ഇരുന്നതോടെ സുരക്ഷാജീവനക്കാര്‍ ആരാധികയെ മാറ്റി വാഹനത്തിനു വഴിയൊരുക്കി.

അടുത്തയിടെ റാഞ്ചിയിലെ വസതിയില്‍നിന്നു വിമാനത്താവളത്തിലേക്ക് പുറപ്പെട്ട ധോണിയെ സ്കൂട്ടറില്‍ പിന്തുടര്‍ന്ന് നഗരമധ്യത്തിലൂടെ കുതിച്ചുപാഞ്ഞ കോളജ് വിദ്യാര്‍ഥിനിക്കൊപ്പം ധോണി സെല്‍ഫിക്ക് പോസ് ചെയ്തിരുന്നു, ഇത് സോഷ്യല്‍ മീഡിയകള്‍ വാര്‍ത്തയാക്കുകയും ചെയ്തിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K