10 February, 2017 05:10:18 PM


കോഹ്‍ലിക്ക് ഇരട്ടസെഞ്ചുറി, സാഹയ്ക്കു സെഞ്ചുറി; ഇന്ത്യയ്ക്ക് കൂറ്റന്‍ സ്കോര്‍



ഹൈദരാബാദ്: ഒരു ഇരട്ടസെഞ്ചുറിയും രണ്ടു സെഞ്ചുറികളും മൂന്ന് അര്‍ധസെഞ്ചുറികളും നിറം ചാര്‍ത്തിയ ഇന്നിങ്സിനൊടുവില്‍ ബംഗ്ലദേശിനെതിരെ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്കോര്‍. ആറു വിക്കറ്റ് നഷ്ടത്തില്‍ 687 റണ്‍സെടുത്ത ഇന്ത്യ ഒന്നാം ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു. തുടര്‍ച്ചയായ നാലാം പരമ്പരയിലും ഇരട്ടസെഞ്ചുറി നേടി റെക്കോര്‍ഡിട്ട ക്യാപ്റ്റന്‍ വിരാട് കോഹ്‍ലി (204), സെഞ്ചുറി നേടിയ മുരളി വിജയ് (108), വൃദ്ധിമാന്‍ സാഹ (പുറത്താകാതെ 106), അര്‍ധസെഞ്ചുറി നേടിയ ചേതേശ്വര്‍ പൂജാര (83), അജിങ്ക്യ രഹാനെ (82), രവീന്ദ്ര ജഡേജ (പുറത്താകാതെ 60) എന്നിവരാണ് ഇന്ത്യയ്ക്ക് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്. തുടര്‍ച്ചയായ മൂന്നാം ഇന്നിങ്സിലാണ് ഇന്ത്യന്‍ സ്കോര്‍ 600 കടക്കുന്നത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ടീമാണ് ഇന്ത്യ.


ബംഗ്ലദേശിനെതിരെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് സ്കോറാണിത്. ഏതു ടീമുകള്‍ക്കുമെതിരായ ഏറ്റവും ഉയര്‍ന്ന അഞ്ചാമത്ത സ്കോറും. ലോകേഷ് രാഹുല്‍ (രണ്ട്), രവിചന്ദ്രന്‍ അശ്വിന്‍ (34) എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്സ്മാന്‍മാര്‍. ബംഗ്ലദേശിനായി തയ്ജുല്‍ ഇസ്ലാം മൂന്നും മെഹദി ഹസന്‍ രണ്ടു വിക്കറ്റും വീഴ്ത്തി. വ്യക്തിഗത മികവിനൊപ്പം കൂട്ടുകെട്ടുകള്‍ തീര്‍ക്കുന്നതിലും മികച്ചുനിന്ന ഇന്ത്യ ഒരു ഇരട്ടസെഞ്ചുറി കൂട്ടുകെട്ടും (രഹാനെ-കോഹ്‍ലി 222), രണ്ട് സെഞ്ചുറി കൂട്ടുകെട്ടുകളും (പൂജാര-വിജയ് 178, ജഡേജ-സാഹ 118) രണ്ട് അര്‍ധസെഞ്ചുറി കൂട്ടുകെട്ടുകളും (വിജയ്-കോഹ്‍ലി 54, അശ്വിന്‍-സാഹ 74) ഉള്‍പ്പെടെയാണ് വന്‍ സ്കോറിലേക്കെത്തിയത്.



ഏകദിന ശൈലിയില്‍ ബാറ്റുവീശിയ കോഹ്‍ലി, 239 പന്തില്‍ 24 ബൗണ്ടറികള്‍ ഉള്‍പ്പെടെയാണ് ഇരട്ടസെഞ്ചുറിയിലേക്കെത്തിയത്. ഉച്ചഭക്ഷണ സമയത്ത് 191 റണ്‍സെടുത്ത് പുറത്താകാതെ നില്‍ക്കുകയായിരുന്ന കോഹ്‍ലി ക്രീസില്‍ തിരിച്ചെത്തി അധികം വൈകാതെ ഇരട്ടസെഞ്ചുറി പൂര്‍ത്തിയാക്കി. ഒടുവില്‍ തയ്‍ജുല്‍ ഇസ്‍ലാമിന് വിക്കറ്റ് സമ്മാനിച്ച്‌ മടങ്ങുമ്പോള്‍ 246 പന്തുകളില്‍നിന്ന് 24 ബൗണ്ടറികളുള്‍പ്പെടെ നേടിയ 204 റണ്‍സായിരുന്നു കോഹ്‍ലിയുടെ സമ്പാദ്യം.



തുടര്‍ച്ചയായി മൂന്നു പരമ്പരകളില്‍ ഇരട്ടസെഞ്ചുറി കുറിച്ച സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാന്‍, വന്മതില്‍ രാഹുല്‍ ദ്രാവിഡ് എന്നിവരുടെ റെക്കോര്‍ഡാണ് നാലാം ഇരട്ടശതകവുമായി കോഹ്‍ലി മറികടന്നത്. നേരത്തെ വെസ്റ്റ് ഇന്‍ഡീസ് (200), ന്യൂസീലന്‍ഡ് (211), ഇംഗ്ലണ്ട് (235) ടീമുകള്‍ക്കെതിരെയും കോഹ്‍ലി ഇരട്ടസെഞ്ചുറി നേടിയിരുന്നു. ക്യാപ്റ്റനെന്ന നിലയില്‍ കോഹ്‍ലിയുടെ നാലാം ഇരട്ടസെഞ്ചുറിയാണിത്. ഒരു ഇരട്ടസെഞ്ചുറി മാത്രം പേരിലുള്ള മറ്റ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍മാരേക്കാള്‍ ബഹുദൂരം മുന്നില്‍. ടെസ്റ്റ് കളിച്ച എല്ലാ ടീമുകള്‍ക്കും എതിരെയും സെഞ്ചുറി നേടിയ താരമായും കോഹ്ലി മാറിയിരുന്നു. (പാക്കിസ്ഥാന്‍, സിംബാബ്വെ ടീമുകള്‍ക്കെതിരെ കോഹ്ലി ടെസ്റ്റ് കളിച്ചിട്ടില്ല). ഒരു സീസണില്‍ സ്വന്തം നാട്ടില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായും കോഹ്‍ലി മാറി. 2004-05 സീസണില്‍ 1105 റണ്‍െസടുത്ത വീരേന്ദര്‍ സെവാഗിന്‍റെ റെക്കോര്‍ഡാണ് മറികടന്നത്.



നാലാം വിക്കറ്റില്‍ അജിങ്ക്യ രഹാനെയ്ക്കൊപ്പം 222 റണ്‍സ് കൂട്ടിച്ചേര്‍ക്കാനും കോഹ്‍ലിക്കായി. ടെസ്റ്റില്‍ ഇരുവരുടെയും മൂന്നാം ഇരട്ടസെഞ്ചുറി കൂട്ടുകെട്ടാണിത്. നാലാം വിക്കറ്റില്‍ മൂന്ന് ഇരട്ടസെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്തിട്ടുള്ള സച്ചിന്‍ തെന്‍ഡുല്‍ക്കര്‍-സൗരവ് ഗാംഗുലി സഖ്യത്തിനു ശേഷം ഈ നേട്ടത്തിലേക്കെത്തുന്ന ആദ്യ ഇന്ത്യന്‍ സഖ്യവുമായി ഇവര്‍. കോഹ്‍ലിക്ക് ഉറച്ച പിന്തുണ നല്‍കി ക്രീസില്‍ നിന്ന രഹാനെ, 177 പന്തില്‍ ഒന്‍പത് ബൗണ്ടറികള്‍ ഉള്‍പ്പെടെ 83 റണ്‍സെടുത്ത് മടങ്ങി. തയ്ജുല്‍ ഇസ്‍ലാമിന്‍റെ പന്തില്‍ മെഹദി ഹസന് ക്യാച്ച്‌ നല്‍കിയായിരുന്നു രഹാനെയുടെ മടക്കം.



എന്നാല്‍ ആറാം വിക്കറ്റില്‍ അശ്വിന്‍-സാഹ സഖ്യം അര്‍ധസെഞ്ചുറി കൂട്ടുകെട്ടും പിരിയാത്ത ഏഴാം വിക്കറ്റില്‍ സാഹ-ജഡേജ സഖ്യം സെഞ്ചുറി കൂട്ടുകെട്ടും തീര്‍ത്തതോടെ ഇന്ത്യ അനായാസം കൂറ്റന്‍ സ്കോറിലേക്കെത്തി. 45 പന്തില്‍ നാലു ബൗണ്ടറിയുള്‍പ്പെടെ 34 റണ്‍സെടുത്ത അശ്വിനെ മെഹദി ഹസനാണ് പുറത്താക്കിയത്. 155 പന്തുകള്‍ നേരിട്ട സാഹ, ഏഴു ബൗണ്ടറിയും രണ്ടു സിക്സുമുള്‍പ്പെടെ 106 റണ്‍സെടുത്തു പുറത്താകാതെ നിന്നു. 78 പന്തുകള്‍ നേരിട്ട ജഡേജ, നാലു ബൗണ്ടറിയും രണ്ടു സിക്സുമുള്‍പ്പെടെ 60 റണ്‍സെടുത്ത് ജഡേജയ്ക്കു കൂട്ടുനിന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.5K