19 January, 2017 05:34:24 PM


യുവരാജിനും ധോണിക്കും സെഞ്ചുറി; കൂറ്റൻ സ്കോർ ലക്ഷ്യമിട്ട് ഇന്ത്യ



കട്ടക്ക്: വെറ്ററൻ താരങ്ങളായ യുവരാജ് സിങ്ങിന്റെയും മഹേന്ദ്ര സിങ് ധോണിയുടെയും തകർപ്പൻ സെഞ്ചുറികളുടെ മികവിൽ ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യ മികച്ച സ്കോറിലേക്ക്. 43 ഓവർ പൂർത്തിയാകുമ്പോൾ നാലിന് 281 റൺസ് എന്ന നിലയിലാണ് ഇന്ത്യ. 106 പന്തിൽ 100 റൺസുമായി ധോണിയും റണ്ണൊന്നുമെടുക്കാതെ കേദാർ യാദവുമാണ് ക്രീസിൽ. കരിയറിലെ ഉയർന്ന വ്യക്തിഗത സ്കോർ കുറിച്ച യുവരാജ് 127 പന്തിൽ 150 റൺസെടുത്ത് മടങ്ങി.21 ബൗണ്ടറികളും മൂന്നു സിക്സും ഉൾപ്പെടുന്നതാണ് യുവരാജിന്റെ ഇന്നിങ്സ്. ഇന്ത്യയ്ക്ക് നഷ്ടമായ നാലു വിക്കറ്റുകളും ക്രിസ് വോക്സ് സ്വന്തമാക്കി. നാലാം വിക്കറ്റിൽ യുവരാജും ധോണിയും ചേർന്ന് 256 റണ്‍സ് കൂട്ടിച്ചേർത്തു.


ഇംഗ്ലണ്ടിനെതിരെ നാലാം വിക്കറ്റിൽ സൃഷ്ടിക്കപ്പെടുന്ന ഏറ്റവും ഉയർന്ന കൂട്ടുകെട്ടാണിത്.ദക്ഷിണാഫ്രിക്കൻ താരങ്ങളായ ഹാഷിം അംല-എ.ബി. ഡിവില്ലിയേഴ്സ് സഖ്യത്തിന്റെ 172 റൺസിന്റെ റെക്കോർ‍ഡാണ് ഇരുവരും മറികടന്നത്. 98 പന്തിൽ 15 ബൗണ്ടറിയും ഒരു സിക്സുമുൾപ്പെടെയാണ് യുവരാജ് 14-ാം ഏകദിന സെഞ്ചുറിയിലേക്കെത്തിയത്. 2011നു ശേഷം യുവരാജിന്റെ ആദ്യ ഏകദിന സെഞ്ചുറിയാണിത്.


അഞ്ച് ഓവറിനിടെ മൂന്നു മുൻനിര താരങ്ങളെ നഷ്ടമായ ഇന്ത്യയുടെ തുടക്കം ദയനീയമായിരുന്നു. ഓപ്പണർമാരായ ലോകേഷ് രാഹുൽ (അഞ്ച്), ശിഖർ ധവാന്‍ (11), ക്യാപ്റ്റൻ വിരാട് കോഹ്‍ലി (എട്ട്) എന്നിവരാണ് തുടക്കത്തിലേ പുറത്തായത്. മൂന്നു വിക്കറ്റെടുത്ത ക്രിസ് വോക്സാണ് ഇന്ത്യൻ മുൻനിരയെ എറിഞ്ഞിട്ടത്. 2007നു ശേഷം നാട്ടിൽ ആദ്യ അഞ്ച് ഓവറുകൾക്കിടെ ഇന്ത്യയുടെ മൂന്ന് മുൻനിര വിക്കറ്റുകൾ നഷ്ടപ്പെടുന്നത് ഇതാദ്യമാണ്. 2010ൽ ധാക്കയിൽ ശ്രീലങ്കയ്ക്കെതിരെയും ആദ്യ അഞ്ച് ഓവറിനുള്ളിൽ ഇന്ത്യയ്ക്ക് മൂന്നു മുൻനിര വിക്കറ്റുകൾ നഷ്ടമായി.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K