15 January, 2017 01:23:58 PM
അന്തര്‍ സര്‍വകലാശാലാ മീറ്റ്: കലിക്കറ്റിന് നാല് സ്വര്‍ണ്ണം
കോയമ്പത്തൂര്‍: മെഡല്‍ പട്ടികയില്‍ ഇടം കിട്ടാതെ നിന്ന കലിക്കറ്റ് സര്‍വകലാശാല 13 ഫൈനലുകള്‍ നടന്ന ശനിയാഴ്ച നാലു സ്വര്‍ണവും രണ്ട് വെങ്കലവും സ്വന്തമാക്കി. ഇതോടെ കലിക്കറ്റ് 36 പോയിന്റുമായി വനിതാവിഭാഗത്തില്‍ മൂന്നാമതെത്തി. 72 പോയിന്റുമായി എംജിയാണ് വനിതകളില്‍ ഒന്നാമത്. പഞ്ചാബി(42) രണ്ടും. മൂന്നു വെള്ളിയും രണ്ട് വെങ്കലവും ലഭിച്ച എംജി ഓവറോളില്‍ പഞ്ചാബിയെ മറികടന്ന് രണ്ടാമതെത്തി(95). 116 പോയിന്റുമായി മാംഗ്ളൂര്‍ സര്‍വകലാശാല ഓവറോള്‍ കിരീടം ഏറെക്കുറെ ഉറപ്പിച്ചു. മൂന്നാമതുള്ള പഞ്ചാബിക്ക് 81 പോയിന്റാണ്. അപ്രതീക്ഷിത കുതിപ്പു നടത്തിയ മദ്രാസിനു(71) പിന്നില്‍ അഞ്ചാമതാണ് കലിക്കറ്റ്(57).
അഞ്ചു കിലോ മീറ്ററില്‍ കെ ടി നീനയുടെ അനായാസ സ്വര്‍ണ നേട്ടമാണ് പൊങ്കല്‍ ആലസ്യത്തിലായിരുന്ന നെഹ്റു സ്റ്റേഡിയത്തെ ഉണര്‍ത്തിയത്. അതിവേഗ കാറോട്ടക്കാരന്‍ നരേന്‍ കാര്‍ത്തികേയന്റെ മണ്ണില്‍ പിന്നീട് കലിക്കറ്റിന്റെ കുതിപ്പാണ് കണ്ടത്. വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ എം സുഗിനയും പുരുഷന്മാരുടെ 110 ഹര്‍ഡില്‍സില്‍ മെയ്മോന്‍ പൌലോസും കൊള്ളിയാനുകളായി സ്വര്‍ണം തൊട്ടു.
സ്കുള്‍ മീറ്റില്‍ തുടര്‍ച്ചയായി ആറു വര്‍ഷം നട്ടത്തസ്വര്‍ണം കൈവശം വെച്ച കെ ടി നീനയുടേത് കോളേജ്തലത്തിലും എതിരില്ലെന്ന് തെളിയിച്ച പ്രകടനമായിരുന്നു. നിലവില്‍ ഇന്ത്യന്‍ ക്യമ്പിലുള്ള പഞ്ചാബിയുടെ പ്രിയങ്കയെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളിയാണ് നീനയുടെ സ്വര്‍ണം.