12 January, 2017 03:37:45 PM


മലയാളി ക്രിക്കറ്റ്​ താരം സഞ്​ജു വി. സാംസണ്‍ കെ.സി.എയുടെ നിരീക്ഷണത്തില്‍



​തിരുവനന്തപുരം: മലയാളി ക്രിക്കറ്റ്​ താരം സഞ്​ജു വി. സാംസണ്‍ കേരള ക്രിക്കറ്റ്​ അസോസിയേഷന്‍റെ (കെ.സി.എ) താക്കീത്. മോശം പെരുമാറ്റത്തിന്‍റെ പേരിലാണ്​ സഞ്​ജുവിനെ കെ.സി.എ താക്കീത്​ ചെയ്​തത്​​. ഇനി സഞ്​ജു കെ.സി.എയുടെ കർശന നിരീക്ഷണത്തിലായിരിക്കുമെന്നും സംഘടന അറിയിച്ചു. തെറ്റുകൾ ആവർത്തി​ക്കില്ലെന്ന്​ പറഞ്ഞ്​ സഞ്​ജു മാപ്പ്​ എഴുതി നൽകിയതായും സൂചനയുണ്ട്​. 


മുംബൈയിൽ ഗോവക്കെതിരായ കേരളത്തിന്‍റെ മൽസരത്തിലാണ്​ സഞ്​ജുവിന്‍റെ ഭാഗത്ത്​ നിന്ന്​ ​മോശം പെരുമാറ്റമുണ്ടായത്​. മൽസരത്തിന്‍റെ രണ്ടാം ഇന്നിങ്​സിൽ പൂജ്യത്തിന്​ പുറത്തായ താരം ഡ്രെസിങ്​ റൂമിലെത്തി ബാറ്റ്​ തല്ലിപ്പൊട്ടിക്കുകയും ആരോടും പറയാതെ ഗ്രൗണ്ട്​ വിട്ട്​ പോവുകയും ചെയ്​തു എന്നാണ്​ ആരോപണം.


തുടർന്ന് ഗുഹാവത്തിയിൽ ആന്ധ്രക്കെതിരായ മൽസരത്തിലും സഞ്​ജു പൂജ്യത്തിന്​ പുറത്താവുകയും നാട്ടിലേക്ക്​ പോവണമെന്ന്​ ആവശ്യപ്പെടുകയുമായിരുന്നു. എന്നാൽ, സഞ്​ജുവിന്‍റെ ആവശ്യം കെ.സി.എ അംഗീകരിച്ചില്ല. ഇതേ തുടർന്ന്​ സഞ്​ജുവിന്‍റെ അച്ഛൻ കെ.സി.എ ഭാരവാഹികളെ വിളിച്ച്​ ചീത്ത പറഞ്ഞു എന്നാണ്​ മറ്റൊരാരോപണം.


സഞ്​ജുവിന്‍റെ അച്ഛൻ സാംസൺ വിശ്വനാഥനെ കെ.സി.എ പരിശീലകരെയും ഭാരവാഹികളെയും ബന്ധപ്പെടുന്നതിൽ നിന്നും വിലക്കുകയും ചെയ്തു​. പരിശീലന വേദി, കളിസ്​ഥലം എന്നിവടങ്ങളിൽ അനുവാദമില്ലാതെ കയറരുതെന്നും നിർദേശമുണ്ട്​. 


വിഷയത്തെക്കുറിച്ച്​ അന്വേഷിക്കാന്‍ മുന്‍ കേരള ക്യാപ്റ്റന്‍ എസ്. രമേശ്, മാച്ച് റഫറി രംഗനാഥന്‍, കെ.സി.എ. വൈസ് പ്രസിഡന്റ് അഡ്വ. ടി.ആര്‍. ബാലകൃഷ്ണന്‍, അഡ്വ. ശ്രീജിത്ത്​ എന്നിവർ അംഗങ്ങളായ സമിതിയെ നിയോഗിക്കുകയും ചെയ്​തിരുന്നു. പൂജ്യം റൺസിന്​ പുറത്തായതി​െൻറ നിരാശയിൽ ആണ്​ താൻ അത്തരത്തിൽ പെരുമാറിയ​തെന്ന്​ സഞ്​ജു സമിതിക്ക്​ മുമ്പാകെ ഹാജരായി വിശദീകരണം നൽകി. എന്നാൽ ഇത്​ അംഗീകരിക്കാൻ  തയാറായില്ലെങ്കിലും കടുത്ത നടപടികൾ വേണ്ടെന്ന്​ സമിതി തീരുമാനിക്കുകയായിരുന്നു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K