10 January, 2017 06:30:33 AM
ഫിഫ ബെസ്റ്റ് പ്ലെയർ പുരസ്കാരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ; മെസ്സിയെ രണ്ടാമനായി
സൂറിച്ച് : കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച പുരുഷ ഫുട്ബോൾ താരത്തിനുള്ള ഫിഫ ബെസ്റ്റ് പ്ലെയർ പുരസ്കാരം പോർച്ചുഗൽ ക്യാപ്റ്റനും സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിന്റെ സൂപ്പർ താരവുമായ ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കി. ഫിഫ ആസ്ഥാനത്ത് ഇന്നലെ അർധരാത്രി നടന്ന ചടങ്ങിലാണു പ്രഖ്യാപനം.
ബാർസിലോനയുടെ അർജന്റീന താരം ലയണൽ മെസ്സി, അത്‌ലറ്റിക്കോ മഡ്രിഡിന്റെ ഫ്രഞ്ച് താരം അന്റോയ്ൻ ഗ്രീസ്മൻ എന്നിവരെ പിന്തള്ളിയാണു ക്രിസ്റ്റ്യാനോ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടത്. വോട്ടെടുപ്പിൽ മെസ്സി രണ്ടാമതും ഗ്രീസ്മൻ മൂന്നാമതുമായി. പോർച്ചുഗലിന് യൂറോ കപ്പും റയൽ മഡ്രിഡിന് യുവേഫ ചാംപ്യൻസ് ലീഗും നേടിക്കൊടുത്ത പ്രകടനമാണു മുപ്പത്തിയൊന്നുകാരൻ താരത്തെ പുരസ്കാരത്തിന് അർഹനാക്കിയത്.
നാലാം തവണയാണു ക്രിസ്റ്റ്യാനോ ഫിഫ പുരസ്കാരം നേടുന്നത്. 2008, 2013, 2014 വർഷങ്ങളിലായിരുന്നു ഇതിനു മുൻപു കിരീടം നേടിയത്. റയൽ മഡ്രിഡിനെ യൂറോപ്പിലെ ഒന്നാം നിര കിരീടമായ ചാംപ്യൻസ് ലീഗ് ട്രോഫിക്ക് അർഹനാക്കിയ റൊണാൾഡോ, ഫൈനലിലെ പെനൽറ്റി ഷൂട്ടൗട്ടിൽ നിർണായക കിക്ക് ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തു.16 ഗോൾ നേടിയ ക്രിസ്റ്റ്യാനോയായിരുന്നു ചാംപ്യൻഷിപ്പിലെ ടോപ്സ്കോറർ. പിന്നാലെയാണു യൂറോപ്പിന്റെ ലോകകപ്പായ യൂറോ കപ്പിൽ റൊണാൾഡോ ക്യാപ്റ്റനായ പോർച്ചുഗൽ ജേതാക്കളായത്.
ദേശീയ ടീം പരിശീലകർ, ക്യാപ്റ്റൻ, തിരഞ്ഞെടുക്കപ്പട്ട ജേണലിസ്റ്റുകൾ, ആരാധകർക്കായുള്ള ഓൺലൈൻ വോട്ടിങ് എന്നിവയിലൂടെയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. മികച്ച പരിശീലകനുള്ള പുരസ്കാരം ഇംഗ്ലിഷ് ക്ലബ് ലെസ്റ്റർ സിറ്റിയുടെ കോച്ച് ക്ലോഡിയോ റാനിയേരി സ്വന്തമാക്കി. പോർച്ചുഗൽ പരിശീലകൻ ഫെർണാണ്ടോ സാന്റോസ്, റയൽ മഡ്രിഡിന്റെ കോച്ച് സിനദിൻ സിദാൻ എന്നിവരെയാണു റാനിയേരി പിന്തള്ളിയത്.