09 January, 2017 02:31:28 PM
ധോണി ഇന്ത്യൻ ക്യാപ്റ്റനായി നാളെ കളത്തിലിറങ്ങും
മുംബൈ: ഒരു പതിറ്റാണ്ടോളം സഹതാരങ്ങള്‍ ക്യാപ്റ്റന്‍ എന്നുവിളിച്ചിരുന്ന മഹേന്ദ്രസിങ് ധോണി ഇന്ത്യൻ ക്യാപ്റ്റനായി നാളെ മുംബൈയിലെ ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ കളത്തിലറങ്ങും. ഒരുപക്ഷേ, ഇന്ത്യന്‍ നായകന്‍െറ കുപ്പായത്തില്‍ മഹേന്ദ്രസിങ് ധോണിയെ കാണാന്‍ കിട്ടുന്ന ഒടുവിലത്തെ അവസരമാകും ചൊവ്വാഴ്ച അരങ്ങേറുക. ഇംഗ്ളണ്ടിനെതിരായ ഏകദിന-ട്വന്‍റി20 പരമ്പരകള്‍ക്കു മുന്നോടിയായി നടക്കുന്ന പരിശീലന മത്സരത്തില്‍ ഇന്ത്യ എ ടീമിന്‍െറ നായക വേഷത്തില്‍ മഹേന്ദ്രസിങ് ധോണി മൈതാനത്തിലുണ്ടാവും. ധോണിയുടെ അപ്രീതിക്കിരയായി ടീമില്‍നിന്നു പുറത്താകേണ്ടിവന്ന യുവരാജ് സിങ്ങും ധോണിയുടെ കീഴില്‍ ഒരിക്കല്‍ക്കൂടി കളത്തിലിറങ്ങുന്നു എന്ന പ്രത്യേകതകൂടി ഈ മത്സരത്തിനുണ്ട്.
ക്യാപ്റ്റന്‍ സ്ഥാനത്തില്ളെങ്കിലും ടീമില്‍ ഇടമുറപ്പിച്ച ധോണിക്ക് ക്യാപ്റ്റന്‍ എന്നനിലയില്‍ താന്‍ എന്തായിരുന്നുവെന്ന് അവസാനമായി കാണിച്ചുകൊടുക്കാനുള്ള അവസരമാണ് ബ്രാബോണില്‍. ടീമില്‍ ഇടംകിട്ടിയ വെറ്ററന്‍ ഫാസ്റ്റ് ബൗളര്‍ ആശിഷ് നെഹ്റക്കും വിരലിനു പരിക്കേറ്റ് പുറത്തിരുന്ന ശിഖര്‍ ധവാനും മടങ്ങിവരവിന്‍െറ മത്സരം കൂടിയാണിത്. മലയാളി താരം സഞ്ജു വി. സാംസണും ടീമിലുണ്ടെങ്കിലും ആദ്യ ഇലവനില്‍ ഇടംപിടിക്കുമോ എന്നാണ് അറിയേണ്ടത്.
ന്യൂസിലന്‍ഡിനെതിരായ പരമ്പരക്കുശേഷം രണ്ടര മാസമായി ഒരു മത്സരംപോലും കളിച്ചിട്ടില്ലാത്ത ധോണിയും വിവാഹം കാരണം മൈതാനങ്ങളില്‍നിന്ന് വിട്ടുനിന്ന യുവരാജിനും ആവശ്യമായ പരിശീലനത്തിനുള്ള അവസരംകൂടിയാണ് ഈ മത്സരം. ഇംഗ്ളണ്ടിനെതിരായ മൂന്നുവീതം ഏകദിന-ട്വന്‍റി20 മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ടീമിനെ പ്രഖ്യാപിക്കുന്നതിനു തൊട്ടുമുമ്പായിരുന്നു നാടകീയമായി ധോണി ക്യാപ്റ്റന്‍ പദവിയില്‍ നിന്നൊഴിഞ്ഞത്. ഇതോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍െറ സമ്പൂര്‍ണ ക്യാപ്റ്റനായി വിരാട് കോഹ്ലി മാറുകയായിരുന്നു.