01 January, 2017 08:58:40 PM
ഇന്ത്യൻ ടെന്നിസ് താരം സോംദേവ് വർമൻ വിരമിക്കൽ പ്രഖ്യാപിച്ചു
മുംബൈ: ഇന്ത്യൻ ടെന്നിസ് താരം സോംദേവ് വർമൻ പ്രഫഷണൽ ടെന്നിസിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ചു. പുതുവർഷ ദിനത്തിൽ ട്വിറ്ററിലൂടെയായിരുന്നു വിരമിക്കൽ പ്രഖ്യാപനം. ത്രിപുര സ്വദേശിയായ സോംദേവ് ഇന്ത്യയുടെ മികച്ച സിംഗിൾസ് കളിക്കാരിലൊരാളാണ്. ഡേവിസ് കപ്പ് ടീമിന്റെ അവിഭാജ്യഘടകമായിരുന്നു. അദ്ദേഹത്തെ കുറച്ചുകാലമായി പരിക്ക് വേട്ടയാടിയത് കാരണം മൂലം മത്സരങ്ങളിൽ നിന്നും വിട്ട് നിൽക്കുകയായിരുന്നു. രണ്ട് വർഷം മുമ്പ് അമേരിക്കയിൽ വെച്ചാണ് അവസാനമായി കളത്തിലിറങ്ങിയത്.
ഇത്തവണത്തെ ചെന്നൈ ഓപ്പണിൽ സോംദേവുണ്ടാകില്ലെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. 2008 മുതൽ കളത്തിലുള്ള സോംദേവ് ലിയാൻഡർ പെയ്സിനും മഹേഷ് ഭൂപതിക്കും ശേഷം ഇന്ത്യൻ പുരുഷ ടെന്നിസിൽ ഉദയം ചെയ്ത പ്രതിഭയാണ്. 2010 ലെ ഡൽഹി കോമൺവെൽത്ത് ഗെയിംസിൽ പുരുഷ സിംഗിൾസിൽ സ്വർണം, 2010 ഗ്വാങ്ഷൂ എഷ്യൻ ഗെയിംസിൽ പുരുഷ സിംഗിൾസ്, ഡബിൾസ് സ്വർണം എന്നിവ നേടിയിട്ടുണ്ട്.