20 December, 2016 11:03:32 PM
ചൈന ഒാപ്പൺ ബാഡ്മിൻറൺ കിരീടം പി.വി സിന്ധുവിന്
ഫുഷൗ (ചൈന): ഒളിമ്പിക്സ് വെള്ളിമെഡല്‍ നേട്ടത്തിനു മുകളില്‍ മറ്റൊരു പൊന്‍തൂവലായി ഇന്ത്യയുടെ ബാഡ്മിന്‍റണ്‍ സെന്‍സേഷനല്‍ പി.വി. സിന്ധുവിന് കരിയറിലെ ആദ്യ സൂപ്പര്‍ സീരീസ് കിരീടം. ചൈന ഓപണ്‍ ഫൈനലില്‍ ആതിഥേയ താരം സണ്‍ യുവിനെ മൂന്നു സെറ്റ് പോരാട്ടത്തില്‍ കീഴടക്കിയാണ് സിന്ധു ചൈനീസ് മണ്ണിലെ ജേതാവായത്. സ്കോര്‍ 21-11, 17-21, 21-11. കോര്‍ട്ടിലിറങ്ങും മുമ്പേ മുഖാമുഖങ്ങളുടെ കണക്കുകളില്‍ ലോക 10ാം നമ്പറായ സണ്‍ യുവിനായിരുന്നു മുന്‍തൂക്കം. അഞ്ചു തവണ ഏറ്റുമുട്ടിയപ്പോള്‍ മൂന്നിലും ജയം ചൈനക്കാരിക്ക്. രണ്ടു തവണ മാത്രം സിന്ധു ജയിച്ചു.
എന്നാല്‍, സെമിയില്‍ ദക്ഷിണ കൊറിയയുടെ സങ് ജി ഹ്യൂനിനെ തരിപ്പണമാക്കിയതിന്‍െറ ആവേശമായിരുന്നു സിന്ധുവിന്‍െറ ഊര്‍ജം. തോല്‍വിയില്‍നിന്ന് തിരിച്ചത്തെി കളി ജയിച്ച സിന്ധു കലാശപ്പോരാട്ടത്തില്‍ തുടക്കംതന്നെ എതിരാളിയെ മലയര്‍ത്തിയടിച്ചു. 11-5ന് ആദ്യ ഗെയിമില്‍ തന്നെ ലീഡെടുത്തു. ലോങ് റാലികളും ഡ്രോപ് ഷോട്ടുകളും മൂര്‍ച്ചയേറിയ സ്മാഷുകളുമായിരുന്നു ആയുധം. അതിവേഗത്തില്‍ പോയന്‍റ് സ്കോര്‍ ചെയ്ത സിന്ധു 20-8 എന്നനിലയില്‍ ലീഡ് പിടിച്ച് മാച്ച്പോയന്‍റിനരികിലത്തെി. ഇതിനിടെ, ചൈനീസ് താരം മൂന്നു പോയന്‍റ് സ്കോര്‍ ചെയ്തെങ്കിലും കളി 21-11ന് സ്വന്തമാക്കി തുടക്കം ഗംഭീരമാക്കി.
രണ്ടാം ഗെയിമിലും സിന്ധുവിനായിരുന്നു മേധാവിത്വം. 6-3, 11-7, 14-10 എന്നനിലയില്‍ പടിപടിയായി ലീഡുയര്‍ത്തി സിന്ധു നേരിട്ട് കപ്പടിക്കുമെന്ന സൂചന നല്‍കി. പക്ഷേ, ഇതിനിടയില്‍ സണ്‍ താളം വീണ്ടെടുത്തു. 14-14ന് ഒപ്പമത്തെിയ സണ്‍ ശക്തമായ ബോഡിസ്മാഷുകളിലൂടെ സിന്ധുവിനെ പ്രതിരോധത്തിലാക്കി. സിന്ധുവിന്‍െറ ബാക്ക്ഹാന്‍ഡിനെ കൃത്യതയാര്‍ന്ന സ്മാഷിലൂടെ സണ്‍ തരിപ്പണമാക്കി. ലീഡ് പതുക്കെ ഉയര്‍ത്തിയ ചൈനീസ് താരം 20-16ല്‍ കളിയത്തെിച്ചു; ഒടുവില്‍ സെറ്റും. നിര്‍ണായക മൂന്നാം സെറ്റില്‍ ഇരുവരും ഒപ്പത്തിനൊപ്പമായിരുന്നു. ലീഡിങ് പലകുറി മാറിമറിഞ്ഞു. 11-8ല്‍ മുന്‍തൂക്കം നേടിയ സിന്ധു പിന്നെ തിരിഞ്ഞുനോക്കിയില്ല. ലോങ് റാലികളിലൂടെ മത്സരത്തിന് ആവേശമേകിയ ഒളിമ്പിക് റണ്ണര്‍അപ് എതിരാളിയുടെ പിഴവുകള്‍ പോയന്‍റാക്കി മാറ്റി. ഒപ്പം ഡ്രോപ് ഷോട്ടുകളിലൂടെ മേധാവിത്വവും. 19-11ലത്തെിച്ച പോരാട്ടത്തിനൊടുവില്‍ മാച്ച് പോയന്‍റ് വിന്നിങ് പോയന്‍റാക്കി കരിയറിലെ ആദ്യ സൂപ്പര്‍ സീരീസ് കിരീടം ഉറപ്പിച്ചു.
2015 ഡെന്മാര്‍ക് ഓപണിലായിരുന്നു സിന്ധു ആദ്യമായി സൂപ്പര്‍ സീരീസ് ഫൈനലിലത്തെിയത്. അന്ന് ചൈനയുടെ മുന്‍ ഒളിമ്പിക്സ് ചാമ്പ്യന്‍ ലി സ്യൂറിക്കു മുന്നില്‍ അടിയറവുപറഞ്ഞു. 2014 ചൈന ഓപണില്‍ സൈന നെഹ്വാള്‍ കിരീടമണിഞ്ഞിരുന്നു. ഇക്കുറി പുരുഷ സിംഗ്ള്‍സില്‍ ഡെന്മാര്‍ക്കിന്‍െറ ജാന്‍ ജോര്‍ജന്‍സണിനാണ് കിരീടം.