15 January, 2016 02:04:43 PM
ഓസ്‌ട്രേലിയ പരമ്പരയില്‍ മുന്നില്‍, രോഹിത് ശര്‍മ്മയ്ക്ക് വീണ്ടും സെഞ്ചുറി
ബ്രിസ്‌ബെയ്ന്‍ : രണ്ടാം ഏകദിനത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയയ്‌ക്കെതിരെ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സ് നേടി. രോഹിത് ശര്‍മ്മയുടെ സെഞ്ചുറിയാണ് ഇന്നും ഇന്ത്യയുടെ സ്‌കോര്‍ ഉയര്‍ത്തിയത്. 127 പന്തില്‍ 124 റണ്‍സെടുത്തായിരുന്നു രോഹിത് ശര്‍മ്മ പുറത്തായത്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. നായകന്‍ ധോണിക്ക് ഇന്നും കാര്യമായ സംഭാവന നല്‍കാന്‍ കഴിഞ്ഞില്ല. സ്‌കോര്‍ ബോര്‍ഡ് ഒമ്പതില്‍ എത്തിയപ്പോഴേക്കും ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. പിന്നീട് രോഹിത് ശര്‍മ്മ -വിരാട് കോഹ്‌ലി കൂട്ടുകെട്ടില്‍ ഇന്ത്യ റണ്‍സുകള്‍ അടിച്ചെടുത്തു. ഇരുവരും ചേര്‍ന്ന് 21.3 ഓവറില്‍ 125 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് രക്ഷപ്പെടുത്തി. സ്‌കോര്‍ ബോര്‍ഡ് 134 ല്‍ എത്തിയപ്പോള്‍ റണ്ണൗട്ടില്‍ കുടുങ്ങി കോഹ്‌ലി പുറത്ത്.
ക്രീസില്‍ ഉറച്ചുനിന്ന അജിങ്ക്യ രഹാനെയാണ് ഇന്ത്യയുടെ അടിത്തറ ഉറപ്പിച്ചത്. 80 പന്തില്‍ 89 റണ്‍സെടുത്ത് രഹാനെ പുറത്തായതോടെ സ്‌കോര്‍ ബോര്‍ഡ് ചലനം നിലച്ചു. ശിഖര്‍ ധവാനെ ജോയല്‍ പാരീസ് പുറത്താക്കിയപ്പോള്‍ വിരാട് കോഹ്‌ലി (59), രോഹിത് ശര്‍മ്മ (124), രവീന്ദ്ര ജഡേജ (5) എന്നിവര്‍ റണ്ണൗട്ടാകുകയായിരുന്നു. എം.എസ് ധോണി (11)യെ സ്‌കോട്ട് ബോലാഡും അജിങ്ക്യാ രഹാനെ (89)യെയും മനീഷ് പാണ്ഡെ(6)യെയും ജെയിംസ് ഫോക്‌നെറും ആര്‍.അശ്വിനെ (1) ജോണ്‍ ഹേസ്റ്റിംഗ്‌സും പുറത്താക്കുകയായിരുന്നു. അഞ്ചു മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ആദ്യ മത്സരത്തില്‍ 309 എന്ന ഇന്ത്യയുടെ സ്‌കോര്‍ മറികടന്ന ഓസ്‌ട്രേലിയ പരമ്പരയില്‍ മുന്നിലാണ്.