18 December, 2016 09:46:43 PM
പെനാള്‍ട്ടി ഷൂട്ടൗട്ടിലും കേരളത്തിന് ജയം കാണാനായില്ല; ഐഎസ്എല്‍ കിരീടം കൊല്‍ക്കത്തയ്ക്ക്
കൊച്ചി: ഐഎസ്എല്‍ മൂന്നാം സീസണ്‍ ഫൈനല്‍ മല്‍സരം അധികസമയത്തേക്ക് നീണ്ടിട്ടും വിജയം കാണാന്‍ കേരളാ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞില്ല. പെനാള്‍ട്ടി ഷൂട്ടൗട്ടില്‍ മൂന്നിനെതിരെ നേടിയ നാല് ഗോളുകള്‍ക്ക് അത്‌ലറ്റികോ ഡി കൊല്‍ക്കത്ത കിരീടമണിയുകയായിരുന്നു. നിശ്ചിത സമയത്ത് കേരള ബ്ലാസ്റ്റേഴ്‌സും അത്‌ലറ്റികോ ഡി കൊല്‍ക്കത്തയും ഓരോ ഗോള്‍ വീതം നേടിയതോടെയാണ് മല്‍സരം എക്‌സ്‌ട്രാ സമയത്തേക്ക് കടന്നത്.
9.40ന് പെനാള്‍ട്ടി ഷൂട്ടൗട്ടില്‍ ബ്ലാസ്റ്റേഴ്‌സിനുവേണ്ടി അന്റോണിയോ ജെര്‍മന്‍ എടുത്ത ആദ്യ കിക്ക് ലക്ഷ്യത്തിലെത്തി. സ്കോര്‍ 1 -0. തുടര്‍ന്ന് കൊല്‍ക്കത്തയുടെ ഇയാന്‍ ഹ്യൂ കിക്ക് പാഴാക്കി. 9.41ന് കേരളത്തിനുവേണ്ടി ബെല്‍ഫോര്‍ട്ട് ലക്ഷ്യം കണ്ടു. സ്കോര്‍ ബ്ലാസ്റ്റേഴ്സ് 2-0. 9.42ന് കൊല്‍ക്കത്ത ഗോള്‍ മടക്കി. 9.43ന് മൂന്നാം കിക്ക് ബ്ലാസ്റ്റേഴ്‌സ് പാഴാക്കി. തുടര്‍ന്ന് കൊല്‍ക്കത്ത ഒപ്പമെത്തി. സ്കോര്‍ 2-2. കേരളം മുന്നിലാക്കി 9.44ന് നാലാം കിക്കില്‍ മൊഹമ്മദ് റഫീഖ് ലക്ഷ്യം കണ്ടു. സ്കോര്‍ 3-2. ലാറയിലൂടെ ഗോള്‍ മടക്കികൊണ്ട് കൊല്‍ക്കത്ത ഒപ്പമെത്തി. നാലു കിക്കുകള്‍ വീതം കഴിഞ്ഞപ്പോള്‍ സ്‌കോര്‍ 3-3. ബ്ലാസ്റ്റേഴ്സിന്‍റെ ഹെങ്ബര്‍ട്ട് 9.46ന് തന്‍റെ കിക്ക് പാഴാക്കി. 9.47ന് അത്‌ലറ്റികോ ഡി കൊല്‍ക്കത്തയ്‌ക്ക് രണ്ടാം ഐ എസ് എല്‍ കിരീടം.
എന്നാല്‍ ബ്ലാസ്റ്റേഴ്‌സിന്റെ ആഘോഷത്തിന് ആധികം ആയുസ് ഉണ്ടായിരുന്നില്ല. നാല്‍പ്പത്തിനാലാം മിനിട്ടില്‍ പോര്‍ച്ചുഗല്‍ താരം സെന്‍ട്രിക് സെറീനോയിലൂടെ കൊല്‍ക്കത്ത മറുപടി നല്‍കി. ഗോള്‍വന്നത് ബ്ലാസ്റ്റേഴ്സ് ഗോള്‍ നേടിയ അതേവഴിയില്‍. കൊല്‍ക്കത്തയ്ക്ക് അനുകൂലമായി ലഭിച്ച കോര്‍ണര്‍ എടുത്തത് സമീഗ് ദൗത്തി. ബോക്സിലേക്ക് ചാഞ്ഞിറങ്ങിയ പന്തില്‍ പോര്‍ച്ചുഗല്‍ താരം ഹെന്റിക്വ് സെറീനോയുടെ ഹെഡര്‍. കേരളാ പ്രതിരോധം പിളര്‍ത്തി പന്തു വലയില്‍. സ്റ്റേഡിയം ഒരു നിമിഷം നിശബ്ദമായി. സ്കോര്‍ 1-1.
കേരള ബ്ലാസ്റ്റേഴ്‌സിന്റെ മാര്‍ക്വീ താരം ആരോണ്‍ ഹ്യുഗ്സ് പരിക്കേറ്റ് പുറത്തായത്, വലിയ തിരിച്ചടിയായി. രണ്ടാം പകുതിയില്‍ ആവേശകരമായ പ്രകടനം ഉണ്ടായില്ല. നല്ല ചില അവസരങ്ങള്‍ ഇരു ടീമിനും ലഭിച്ചെങ്കിലും ലക്ഷ്യം അകന്നുനിന്നു. സീസണിലുടനീളം ബ്ലാസ്റ്റേഴ്സിനെ കാത്ത പ്രതിരോധ നിരയില്‍ വന്ന രണ്ടു മാറ്റങ്ങളായിരുന്നു മല്‍സത്തിലെ സവിശേഷത. സെമിയുടെ ഇരുപാദങ്ങളിലും മഞ്ഞക്കാര്‍ഡ് കണ്ടതിനെ തുടര്‍ന്ന് ഇന്നത്തെ മല്‍സരം നഷ്ടമായ ഹോസു പ്രീറ്റോയ്ക്ക് പകരം കളത്തിലെത്തിയത് ഇഷ്ഫാഖ് അഹമ്മദ്. പരുക്കിനെ തുടര്‍ന്ന് പ്രതിരോധത്തിലെ കരുത്തനും മാര്‍ക്വീ താരവുമായ ആരോണ്‍ ഹ്യൂസും പുറത്തുപോയതോടെ പകരമെത്തിയത് സെനഗല്‍ താരം എന്‍ഹാജി എന്‍ഡോയെ. ഫലത്തില്‍ സീസണിലിതുവരെ ബ്ലാസ്റ്റേഴ്സിനെ കാത്ത പ്രതിരോധമതില്‍ തുടക്കത്തിലേ പൊളിഞ്ഞു.
മല്‍സരം തുടങ്ങുമ്ബോള്‍ ഡക്കന്‍സ് നാസോണിനെ ഏക സ്ട്രൈക്കറാക്കി 4-4-1-1 ശൈലിയിലാണ് ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ സ്റ്റീവ് കൊപ്പല്‍ ടീമിനെ ഒരുക്കിയത്. നാസോണിന് തൊട്ടുപിന്നില്‍ റാഫി. വിനീത്, ബെല്‍ഫോര്‍ട്ട് എന്നിവരെ ആക്രമണച്ചുമതലയേല്‍പ്പിച്ച് വിങ്ങുകളില്‍ നിയോഗിച്ചപ്പോള്‍ പ്രതിരോധത്തിന്റെ ചുമതലയുള്ള മധ്യനിരക്കാരുടെ റോള്‍ മെഹ്താബ്, അസ്റാക്ക് എന്നീ സ്ഥിരം മുഖങ്ങളെ ഏല്‍പ്പിച്ചു. ഹെങ്ബാര്‍ത്ത്, ആരോണ്‍ ഹ്യൂസ്, സന്ദേശ് ജിങ്കാന്‍ എന്നിവര്‍ക്കൊപ്പം പ്രതിരോധത്തിലേക്കെത്തിയത് ഇഷ്ഫാഖ് അഹമ്മദ്.
സെമിയുടെ ഇരുപാദങ്ങളിലും മഞ്ഞക്കാര്‍ഡ് കണ്ടതിനെ തുടര്‍ന്ന് ഇന്നത്തെ മല്‍സരം നഷ്ടമായ ഹോസു പ്രീറ്റോയ്ക്ക് പകരമായിരുന്നു ഇഷ്ഫാഖിന്റെ വരവ്. അതേസമയം, കൊച്ചിയില്‍ ബ്ലാസ്റ്റേഴ്സിനെതിരെ നടന്ന ഗ്രൂപ്പ് മല്‍സരത്തില്‍ കൊല്‍ക്കത്തയ്ക്കായി വിജയഗോള്‍ നേടിയ ഹവിയര്‍ ലാറയെ പുറത്തിരുത്തിയാണ് കൊല്‍ക്കത്ത പരിശീലകന്‍ തുടങ്ങിയത്. സ്റ്റീഫന്‍ പിയേഴ്സന്‍, പ്രബീര്‍ ദാസ്, അബിനാഷ് റൂയിദാസ് തുടങ്ങിയവരും റിസര്‍വ് ബെഞ്ചിലിരുന്നു.