18 December, 2016 08:02:58 PM
ഫുട്ബോള്‍ അസോസിയേഷന്‍ അവഗണിച്ച ഐ.എം വിജയന് വി.ഐ.പി ടിക്കറ്റ് നല്‍കി നിവിന്‍ പോളി
കൊച്ചി: ജനറല്‍ ടിക്കറ്റ് നല്‍കി കേരള ഫുട്ബോള്‍ അസോസിയേഷന്‍ അവഗണിച്ച ഐ.എം വിജയന് വി.ഐ.പി ടിക്കറ്റ് നല്‍കി ചലച്ചിത്ര താരം നിവിന്‍ പോളി. ഐ.എം വിജയന് അര്‍ഹിക്കുന്ന പരിഗണന നല്‍കാന്‍ സംഘാടകര്‍ മറന്നു പോയപ്പോള്‍ കേരള ബ്ലാസ്റ്റേഴ്സ് ബ്രാന്‍ഡ് അംബാസിഡര്‍ നിവിന്‍ പോളി ഐ.എം വിജയന് വി.ഐ.പി ടിക്കറ്റിനുള്ള സൗകര്യം ഒരുക്കുകയായിരുന്നു.
ഫൈനല്‍ കാണാന്‍ ഇന്ത്യന്‍ ഫുട്ബോളിന്റെ പ്രതിഭാസത്തിന് ഗാലറി ടിക്കറ്റ് നല്‍കിയ സംഘാടകരുടെ നടപടി ഏറെ വിവാദമായിരുന്നു. തുടര്‍ന്ന് നിവിന്‍ പോളി തനിക്കൊപ്പം വി.ഐ.പി ഗാലറിയിലിരുന്ന് കളി കാണാന്‍ വിജയനെ ക്ഷണിക്കുകയായിരുന്നു. ഫുട്ബോളുമായി ഒരു ബന്ധവുമില്ലാത്ത ആളുകള്‍ക്ക് വി.ഐ.പി ടിക്കറ്റാണ് നല്‍കുന്നതെന്നും തന്നെപ്പോലെയുള്ള താരങ്ങളെ അവഗണിക്കുന്നത് ദു:ഖകരമാണെന്നും ഐ.എം വിജയന്‍ ആരോപിച്ചിരുന്നു.
കൊല്‍ക്കത്തയിലായിരുന്നെങ്കില്‍ ഇതിലും പരിഗണന ലഭിക്കുമായിരുന്നുവെന്നും വിജയന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഉത്തരവാദിത്തമില്ലെന്നും ഐ.എം വിജയന്‍ ആവശ്യമില്ലാതെ വിവാദമുണ്ടാക്കുകയാണെന്നും കേരള ഫുട്ബോള്‍ അസോസിയേഷന്‍ പ്രതികരിച്ചിരുന്നു.