15 December, 2016 05:24:51 PM
അനുരാഗ് താക്കൂർ കള്ളം പറഞ്ഞു; ജയിലിൽ പോകേണ്ടി വരുമെന്ന് സുപ്രീംകോടതി
ദില്ലി: ബി.സി.സി.ഐ പ്രസിഡന്റ് അനുരാഗ് താക്കൂർ കോടതിയിൽ കള്ളസത്യം പറഞ്ഞതായി പരമോന്നത കോടതി വ്യക്തമാക്കി. ജയിലിൽ പോകേണ്ടി വരുമെന്ന് സുപ്രീംകോടതി അനുരാഗ് താക്കൂറിന് മുന്നറിയിപ്പ് നൽകി. ഇയാളെ അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റണമെന്ന് അമിക്കസ് ക്യൂറി കോടതിയിൽ ആവശ്യപ്പെട്ടു. പകരം സമിതിയെ നിയോഗിക്കണം. പാനൽ അംഗങ്ങളെ ഒരാഴ്ചക്കുള്ളിൽ നിർദേശിക്കാൻ ക്രിക്കറ്റ് ബോർഡിനോട് കോടതി ആവശ്യപ്പെട്ടു. ബി.സി.സി.ഐയെ നിരീക്ഷിക്കാൻ ജി.കെ പിള്ളയുടെ നേതൃത്വത്തിൽ ഒറു സമിതി സ്ഥാപിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു എന്നാൽ ഇത് അംഗീകരിക്കാനാവില്ലെന്ന് ബി.സി.സി.ഐ പ്രതികരിച്ചു. പിള്ളക്കെതിരായി നിരവധി ആരോപണങ്ങളുണ്ടെന്നും അവർ വ്യക്തമാക്കി.
ലോധ കമ്മിറ്റി ശുപാർശകളുമായി ബന്ധപ്പെട്ട് ഐ.സി.സി സി.ഇ.ഒ ഡേവിഡ് റിച്ചാർഡ്സണുമായി നടത്തിയ ചർച്ചയുടെ വിശദാംശങ്ങൾ ഒരു സ്വകാര്യ സത്യവാങ്മൂലത്തിൽ ഫയൽ ചെയ്യാൻ താക്കൂറിനോട് കഴിഞ്ഞ ഒക്ടോബറിൽ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട വാദം കേൾക്കവേയാണ് സുപ്രിംകോടതി നിശിത വിമർശം ഉന്നയിച്ചത്. ഇതിൽ അനുരാഗ് താക്കൂർ ഫയൽ ചെയ്ത സത്യവാങ്മൂലം കൃത്രിമം നിറഞ്ഞതാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു.