14 December, 2016 11:27:42 PM
ഐ.എസ്.എല്‍ മൂന്നാം സീസണില്‍ ചരിത്രം സൃഷ്ടിച്ച് കേരളാ ബ്ലാസ്റ്റേഴ്സ്
ദില്ലി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ മൂന്നാമത്തെ സീസണില്‍ ചരിത്രം സൃഷ്ടിച്ച് കേരളാ ബ്ലാസ്റ്റേഴ്സ്. പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ദില്ലി ഡൈനാമോസിനെ 3-0 തോല്‍പ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ് ഫൈനലില്‍ കടന്നു. ഫൈനല്‍ ഞായറാഴ്ച കൊച്ചിയില്‍. ദില്ലിക്കെതിരെ നടന്ന ആവേശകരമായ രണ്ടാം പാദ സെമിയില്‍ ഉദ്യോഗജനമായ രംഗങ്ങള്‍ക്കൊടുവിലാണ് കേരളം ദില്ലിയുടെ പരിപ്പിളക്കിയത്.
കളിയുടെ മുഴുവന്‍ സമയവും പിന്നിട്ടപ്പോള്‍ ദില്ലി ഒരു ഗോളിനു മുന്നിട്ടു നില്‍ക്കുകയും അഗ്രഗേറ്റ് ഗോളില്‍ സമനില പാലിക്കുകയുമായിരുന്നു. ഇതോടെ അരമണിക്കൂര്‍ അധികസമയം അനുവദിച്ചെങ്കിലും പക്ഷെ, ആര്‍ക്കും ലീഡ് ഗോള്‍ നേടാനായില്ല. പിന്നീട് ആവേശകരമായ ഷൂട്ടൗട്ടിലേക്ക് കളി നീങ്ങി. പിന്നെയുള്ളതെല്ലാം കേരളത്തിന്റെ സമയമായിരുന്നു. ആദ്യ അടിയില്‍ തന്നെ പന്ത് കേരളത്തിനു വേണ്ടി ഹോസു വലയിലെത്തിച്ചു. എന്നാല്‍ ഫലൂദയുടെ കാലില്‍ നിന്നുള്ള പന്ത് കേരളത്തിന്റെ വല കണ്ടില്ല. ആന്റോണിയോ ജര്‍മ്മന്‍ നല്ലൊരു ഷോട്ട് പായിച്ചെങ്കിലും ദില്ലിയുടെ ഗോള്‍ കീപ്പറുടെ കൈകള്‍ തടുത്തു.
ദില്ലിയുടെ രണ്ടാമത്തെ ശ്രമവും പുറത്തേക്ക് അടിച്ചു പാഴായി. ബാല്‍ഫോര്‍ട്ടിന്റെ മൂന്നാമത്തെ ഷോട്ട് ദില്ലിയുടെ ഗോള്‍ വലയിലെത്തി. ദില്ലിയുടെ മൂന്നാമത്തെ കിക്കും കേരളത്തിന്റെ ഗോളി സന്ദീപ് നന്ദി മികച്ചു തന്നെ സേവ് ചെയ്തു. ഇതോടെ കളി കേരളത്തിനൊപ്പം നിന്നു. നാലാമത്തെ കിക്ക് റാഫിയുടെ കാലില്‍ നിന്ന് ദില്ലിയുടെ വല കുലുക്കിയതോടെ കേരളത്തിന്റെ ആധിപത്യം പൂര്‍ണമായി.