13 December, 2016 10:01:23 PM
ഐ.എസ്.എൽ: അത്ളറ്റിക്കോ ഡി കൊല്‍ക്കത്ത ഫൈനലില്‍
മുംബൈ: അത്ളറ്റിക്കോ ഡി കൊല്‍ക്കത്ത ഐ.എസ്.എൽ ഫൈനലിലെത്തി. മുംബൈ സിറ്റി എഫ്സിക്കെതിരായ രണ്ടാം പാദ സെമി ഫൈനല്‍ ഗോള്‍രഹിത സമനില ആയതോടെയാണു കൊല്‍ക്കത്തയ്ക്കു ഫൈനലിലേക്കുള്ള വഴി തുറന്നത്. കൊല്‍ക്കത്തയില്‍ നടന്ന ആദ്യ പാദത്തില്‍ കൊല്‍ക്കത്ത 3-2നു ജയിച്ചിരുന്നു.
മത്സരത്തിന്റെ അമ്പതു മിനിട്ടിലേറെ പത്തു പേരായി ചുരുങ്ങിയിട്ടും കൊല്‍ക്കത്തയ്ക്കെതിരെ ഒരു ഗോള്‍ നേടാന്‍ മുംബൈക്കു കഴിഞ്ഞില്ല. മുപ്പത്തിനാലാം മിനിറ്റില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് റോബര്‍ട്ട് പുറത്തുപോയതോടെ അത്ലറ്റികോ 10 പേരായി ചുരുങ്ങിയെങ്കിലും, തുടര്‍ന്നുള്ള സമയം പ്രതിരോധക്കോട്ട കെട്ടി മുംബൈയെ ഗോള്‍ നേടുന്നതില്‍നിന്നു തടയുകയായിരുന്നു.
ആദ്യ പാദത്തിലെ തോല്‍വിക്ക് പകരംവീട്ടാനിറങ്ങിയ മുംബൈ നിരയില്‍ സൂപ്പര്‍താരം ഡീഗോ ഫോര്‍ലാന്‍ കളിച്ചില്ല. കഴിഞ്ഞ കളിയില്‍ ചുവപ്പുകാര്‍ഡു കാണേണ്ടി വന്നതാണു ഫോര്‍ലാനു വിനയായത്. അതേസമയം, ആദ്യപാദത്തിലെ ഇരട്ടഗോള്‍നേട്ടക്കാരന്‍ ഇയാള്‍ ഹ്യൂമും കൊല്‍ക്കത്തയ്ക്കായി കളിക്കാനിറങ്ങിയില്ല. ഫൈനല്‍ പ്രവേശനം നേടാന്‍ കഴിയാതെ വന്നതോടെ മുംബൈ താരങ്ങള്‍ കൊല്‍ക്കത്ത താരങ്ങളെ കൈയേറ്റം ചെയ്തതു കളിയുടെ മാന്യതയ്ക്കേറ്റ കളങ്കമായി.
ആദ്യ സീസണിലെ ജേതാക്കളായ കൊല്‍ക്കത്ത ഇതു രണ്ടാം തവണയാണു ഫൈനലില്‍ എത്തുന്നത്. ആദ്യ സീസണില്‍ കേരളം ബ്ലാസ്റ്റേഴ്സ് ആയിരുന്നു കൊല്‍ക്കത്തയുടെ എതിരാളികള്‍. നാളെ ഡല്‍ഹിക്കെതിരെ നടക്കുന്ന രണ്ടാം സെമി ഫൈനലിന്റെ രണ്ടാം പാദത്തില്‍ കേരളം ജയിച്ചാല്‍ കൊല്‍ക്കത്തയുമായി ഫൈനലില്‍ വീണ്ടും ഏറ്റുമുട്ടാം. കൊച്ചിയില്‍ നടന്ന ആദ്യ പാദത്തില്‍ ഒരു ഗോളിനു ജയിച്ച കേരളത്തിനാണ് മുന്‍തൂക്കം. സമനില നേടിയാല്‍ പോലും കേരളത്തിനു ഫൈനലിലെത്താം. പതിനെട്ടിനു കൊച്ചിയിലാണു ഫൈനല്‍ മത്സരം.