10 December, 2016 02:15:39 PM
ഐ.എസ്.എല്‍ സെമി ഫൈനല്‍ നാളെ കൊച്ചിയില്‍ ; ടിക്കറ്റ് കിട്ടാനില്ല
കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ സ്റ്റേഡിയത്തില്‍ നാളെ നടക്കുന്ന കേരള ബ്ളാസ്റ്റേഴ്സ്-ഡല്‍ഹി ഒന്നാംപാദ സെമിഫൈനല്‍ മത്സരത്തിന് ടിക്കറ്റുകള്‍ ലഭിക്കുന്നില്ല. സെമിഫൈനലിനുള്ള ടിക്കറ്റുകള്‍ വെള്ളിയാഴ്ച നല്‍കി തുടങ്ങിയെന്ന് ക്ളബ് മാനേജ്മെന്‍റ് അറിയിച്ചെങ്കിലും രാവിലെ മുതല്‍ സ്റ്റേഡിയത്തിലെ ബോക്സ് ഓഫിസിലത്തെിയവര്‍ക്ക് ടിക്കറ്റ് ലഭിച്ചില്ല. വൈകിട്ടോടെ ബോക്സ് ഓഫിസിനു പുറമെ, മുത്തൂറ്റ് ഫിന്‍കോര്‍പ് ശാഖകള്‍, ഫെഡറല്‍ ബാങ്ക് ശാഖകള്‍, ബുക് മൈ ഷോ ഓണ്‍ലൈന്‍ വെബ്സൈറ്റ് തുടങ്ങിയവയിലൂടെയാണ് വില്‍പന നടത്തിയിരുന്നത്. എന്നാല്‍, കരാര്‍ അവസാനിച്ചതിനാല്‍ സെമി ഫൈനല്‍ മത്സരങ്ങള്‍ക്കുള്ള ടിക്കറ്റ് വില്‍പന ഫെഡറല്‍ ബാങ്കില്‍ നടക്കുന്നില്ളെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു.
വെള്ളിയാഴ്ച മുതല്‍ ബുക് മൈ ഷോയിലൂടെ ടിക്കറ്റുകള്‍ ലഭ്യമാണെന്ന് അധികൃതര്‍ അറിയിച്ചെങ്കിലും രാത്രി വൈകിയും വെബ്സൈറ്റില്‍ ടിക്കറ്റുകള്‍ ലഭ്യമായിരുന്നില്ല. സാങ്കേതിക പ്രശ്നമാണ് വില്‍പന സുഗമമാക്കാന്‍ കഴിയാത്തതിന് പിന്നിലെന്നാണ് ബ്ളാസ്റ്റേഴ്സ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. ശനിയാഴ്ച രാവിലെയോടെ പ്രശ്നം പരിഹരിക്കപ്പെടുമെന്നും അവര്‍ അറിയിച്ചു. മത്സര ദിവസം 5.30ന് ബോക്സ് ഓഫിസ് ടിക്കറ്റ് വില്‍പന അവസാനിക്കും.