08 December, 2016 03:30:38 PM
ഇന്ത്യയ്ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റ് ; ഇംഗ്ലണ്ടിന് ബാറ്റിങ്
മുംബൈ: ഇന്ത്യയ്ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുത്തു. പത്ത് ഒാവർ പിന്നിട്ടപ്പോൾ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടപ്പെടുത്താതെ 29 റൺസെടുത്തു. 15 റൺസുമായി അലിസ്റ്റർ കുക്കും 13 റൺസുമായി കീറ്റോൺ ജെന്നിങ്സുമാണ് ക്രീസിൽ. പരിക്കേറ്റ ഹസീബ് ഹമീദിന് പകരമാണ് കീറ്റോൺ ജെന്നിങ്സ് ഒാപണറായത്. കീറ്റോൺ ജെനിങ്സിന്റെ ആദ്യ അന്താരാഷ്ട്ര അരങ്ങേറ്റമാണിത്.
നാലാം ടെസ്റ്റ് കൈപ്പിടിയിലൊതുക്കി, തുടര്‍ച്ചയായ അഞ്ച് ടെസ്റ്റ് പരമ്പര വിജയമെന്ന റെക്കോഡ് തേടിയാണ് ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക് വേദിയായ വാംഖഡെയുടെ കളിമുറ്റത്ത് വീണ്ടുമൊരു ചരിത്രമെഴുതാന്‍ ഇന്ത്യ ഇറങ്ങുന്നത്. അതേസമയം ഇന്ത്യക്കുമേല്‍ ഭീഷണിയായി പരിക്കും കൂട്ടിനുണ്ട്. പരിശീലനത്തിനിടെ പരിക്കേറ്റ അജിന്‍ക്യ രഹാനെയെ പരമ്പരയില്‍നിന്ന് ഒഴിവാക്കി. രഹാനെക്കുപകരം കന്നട താരം മനീഷ് പാണ്ഡെയെ ടീമിലുള്‍പ്പെടുത്തി. മുഹമ്മദ് ഷമിയുടെ പരിക്ക് മുന്നില്‍ കണ്ട് പേസ് ബൗളര്‍ ഷര്‍ദുല്‍ ഠാകുറിനെയും ടീമിലെടുത്തിട്ടുണ്ട്.
84 വര്‍ഷത്തെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഒരുതവണ മാത്രമാണ് ഇന്ത്യ തുടര്‍ച്ചയായ അഞ്ചുതവണ ടെസ്റ്റ് പരമ്പര ജയിച്ചത്. 2008ല്‍ ധോണിയുടെ നായകത്വത്തിലായിരുന്നു ചരിത്രനേട്ടം. വാംഖഡെ ടെസ്റ്റ് ജയിക്കുകയോ സമനിലയാവുകയോ ചെയ്താല്‍ വിരാട് കോഹ്ലിയുടെ നായക കരിയറില്‍ മറ്റൊരു പൊന്‍തൂവലാകും. പരമ്പരയില്‍ 2-0ത്തിന് മുന്നിലുള്ളതിനാല്‍ സമ്മര്‍ദമില്ലാതെയാകും ഇന്ത്യ ഇറങ്ങുക. എന്നാല്‍, നാലുവര്‍ഷം മുമ്പ് ഇതേ സ്റ്റേഡിയത്തില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ഇംഗ്ളണ്ട് പത്ത് വിക്കറ്റിന് ജയിച്ചത് ഇന്ത്യയുടെ മനസ്സിലുണ്ടാകും.
സാഹ പരിക്കിന്‍െറ പിടിയിലായതിനാല്‍ വിക്കറ്റിനുപിന്നില്‍ പാര്‍ഥിവ് പട്ടേല്‍ തന്നെയാകും. ഓപണറുടെ റോളില്‍ ഫോം തെളിയിച്ച പാര്‍ഥിവ് ടീമില്‍ സ്ഥാനമുറപ്പിച്ച മട്ടാണ്. പരിക്കില്‍നിന്ന് മോചിതനായി രാഹുല്‍ തിരിച്ചത്തെിയതിനാല്‍ പട്ടേലിന്‍െറ സ്ഥാനം മധ്യനിരയിലായിരിക്കും. മനീഷ് പാണ്ഡെ ആദ്യമായാണ് ടെസ്റ്റ് ടീമില്‍ എത്തുന്നത്. എന്നാല്‍, കരുണ്‍ നായര്‍ക്ക് അവസരം നല്‍കി പാണ്ഡെയെ പുറത്തിരുത്താനാണ് സാധ്യത. മോശം ഫോമാണ് രഹാനയുടെ പുറത്താക്കലിന് വഴിവെച്ചതെന്നും സംസാരമുണ്ട്.
പതിവുപോലെ സ്പിന്‍ വിക്കറ്റാണ് മുംബൈയിലും ഒരുക്കിയിരിക്കുന്നത്. ആദ്യ മൂന്നുദിവസം കാര്യമായ അപകടം വിതച്ചില്ലെങ്കിലും അവസാന രണ്ട് ദിവസങ്ങളില്‍ പിച്ചിന്‍െറ സ്വഭാവം മാറും. 2012ല്‍ ഇന്ത്യയില്‍ നടന്ന പരമ്പരയില്‍ ഇന്ത്യയെ തോല്‍പിച്ച ഇംഗ്ളണ്ടിനോടുള്ള പകരംവീട്ടാന്‍ കൂടിയാണ് ആതിഥേയര്‍ മുംബൈയിലിറങ്ങുന്നത്.