04 December, 2016 07:18:54 AM
എല്‍ ക്ളാസികോ: ബാഴ്സലോണക്കു മേല്‍ റയലിന്‍െറ സമനിലക്കുരുക്ക്
ബാഴ്സലോണ: വിജയ പരാജയങ്ങള്‍ മാറിമറിഞ്ഞ സീസണിലെ ആദ്യ എല്‍ ക്ളാസികോയില്‍ ബാഴ്സലോണക്കു മേല്‍ റയലിന്‍െറ സമനിലക്കുരുക്ക്. ബാഴ്സയുടെ തട്ടകത്തില്‍ നടന്ന പോരാട്ടത്തിന്‍െറ അവസാന മിനിറ്റില്‍ നായകന്‍ സെര്‍ജിയോ റാമോസ് നേടിയ ഹെഡര്‍ ഗോളിന്‍െറ ബലത്തിലാണ് സമനിലയുമായി റയല്‍ തടിതപ്പിയത്. ബാഴ്സക്കു വേണ്ടി അമ്പത്തിമൂന്നാം മിനിറ്റില്‍ ലൂയി സുവാരസ് ഗോള്‍ നേടി. സ്കോര്‍ 1-1.
തുടക്കം മുതല്‍ കളിയുടെ ആധിപത്യം ബാഴ്സക്കൊപ്പമായിരുന്നു. അവസരങ്ങള്‍ പലതും പിറന്ന ആദ്യ പകുതിയില്‍ ഗോളൊന്നുമടിക്കാതെ ഇരു ടീമുകളും പിരിഞ്ഞു. അമ്പത്തിമൂന്നാം മിനിറ്റില്‍ നെയ്മറിന്‍െറ ഫ്രീകിക്കില്‍ തലവെച്ച സുവാരസിന്‍െറ ബുള്ളറ്റ് ഹെഡര്‍ വലയിലേക്ക് കുതിച്ചതോടെ നൂകാംപ് സ്റ്റേഡിയം പൊട്ടിത്തെറിച്ചു. സീസണിലെ ആദ്യ തോല്‍വി കണ്‍മുന്നില്‍ തെളിഞ്ഞുനിന്നപ്പോഴാണ് നൂകാംപിനെ നിശ്ശബ്ദമാക്കി റാമോസിന്‍െറ ഹെഡര്‍ വലയില്‍ പതിച്ചത്.
തൊണ്ണൂറാം മിനിറ്റില്‍ മോഡ്രിച്ചിന്‍െറ പാസില്‍ മാസ്മരിക ഗോളിലൂടെ നായകന്‍ റയലിനെ ഒപ്പമെത്തിച്ചു. അവസാന മിനിറ്റില്‍ സുവാരസിന്‍െറ ഉറച്ച ഗോള്‍ റാമോസ് തട്ടിയകറ്റുകയും ചെയ്തു. 14 മത്സരങ്ങളില്‍ 34 പോയന്‍റുമായി റയല്‍ തന്നെയാണ് ഒന്നാമത്. 28 പോയന്‍റുള്ള ബാഴ്സ രണ്ടാം സ്ഥാനത്തുണ്ട്.