24 November, 2016 11:29:49 PM


സീനിയര്‍ ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പ്: കോട്ടയം സെമിയില്‍, വയനാട് ക്വാര്‍ട്ടറില്‍



കല്‍പറ്റ: സംസ്ഥാന സീനിയര്‍ ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ കോട്ടയം സെമിഫൈനലില്‍. ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് ഇടുക്കിയെയാണ് കോട്ടയം കീഴടക്കിയത്. ഇരുപകുതികളിലായി ടി.ബി. ബിജേഷും ഹസനുല്‍ ഫസുവുമാണ് ഗോള്‍ സ്കോറര്‍മാര്‍. ഞായറാഴ്ച നടക്കുന്ന സെമിയില്‍ തിരുവനന്തപുരമാണ് കോട്ടയത്തിന്‍െറ എതിരാളികള്‍.

 
താഴെ അരപ്പറ്റ സ്റ്റേഡിയത്തില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ ആവേശകരമായ ജയത്തോടെ ആതിഥേയരായ വയനാട് ക്വാര്‍ട്ടറിലേക്ക് മുന്നേറി. 90ാം മിനിറ്റുവരെ ഒരു ഗോളിന് പിന്നിട്ടുനിന്ന വയനാട് ഇഞ്ചുറി ടൈമില്‍ രണ്ടു തവണ വെടിയുതിര്‍ത്ത് പത്തനംതിട്ടക്കെതിരെ അത്യുജ്ജ്വലമായി പൊരുതിക്കയറുകയായിരുന്നു. 48ാം മിനിറ്റില്‍ വയനാടന്‍ ഡിഫന്‍സിന്‍െറ പിഴവില്‍  വിഷ്ണുരാജാണ് പത്തനംതിട്ടയെ മുന്നിലത്തെിച്ചത്. കാണികളുടെ അകമഴിഞ്ഞ പിന്തുണയോടെ ആക്രമണം ശക്തമാക്കിയ വയനാട് ഇഞ്ചുറി ടൈമിന്‍െറ രണ്ടാം മിനിറ്റില്‍ നിസാമുദ്ദീനിലൂടെയാണ് തുല്യത നേടിയത്.


വിധിനിര്‍ണയം ടൈബ്രേക്കറിലേക്കെന്നു തോന്നിച്ച ഘട്ടത്തില്‍ തൊട്ടടുത്ത മിനിറ്റില്‍തന്നെ വലയുടെ ഇടതുപോസ്റ്റിനോടു ചേര്‍ന്ന് തകര്‍പ്പന്‍ ഷോട്ടുതിര്‍ത്ത അര്‍ഷാദ് സൂപ്പി ആതിഥേയര്‍ക്ക് ആവേശജയം സമ്മാനിച്ചു. വെള്ളിയാഴ്ച രണ്ടുമണിക്ക് എറണാകുളം ആലപ്പുഴയെയും നാലുമണിക്ക് തൃശൂര്‍ കൊല്ലത്തെയും നേരിടും. എറണാകുളം-ആലപ്പുഴ മത്സര വിജയികളാണ് ക്വാര്‍ട്ടറില്‍ വയനാടിന്‍െറ എതിരാളികള്‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K