22 November, 2016 07:54:13 PM


ഐസിസി ടെസ്റ്റ് ബാറ്റ്സ്മാന്മാരുടെ റാങ്കിംഗില്‍ വിരാട് കോഹ്ലി നാലാം സ്ഥാനത്ത്



മൊഹാലി: ഇംഗ്ലണ്ടിനെതിരായ തകര്‍പ്പന്‍ പ്രകടനത്തിന് ശേഷം ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലി ഐസിസി ടെസ്റ്റ് ബാറ്റ്സ്മാന്മാരുടെ റാങ്കിംഗില്‍ നാലാം സ്ഥാനത്തെത്തി. തന്റെ ടെസ്റ്റ് കരിയറില്‍ ഇതാദ്യമായാണ് വിരാട് ആദ്യ അഞ്ചില്‍ സ്ഥാനം പിടിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലെ മികച്ച പ്രകടനമാണ് വിരാടിന് സ്ഥാനക്കയറ്റത്തിന് തുണയായത്. വിശാഖപട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ 167ഉം, രണ്ടാം ഇന്നിംഗ്സില്‍ 81ഉം റണ്‍സാണ് വിരാട് നേടിയത്.


ഇന്ത്യന്‍ നായകന്റെ കരുത്തിലാണ് ഇംഗ്ലീഷ് പടയ്ക്കെതിരെ 246 റണ്‍സിന്റെ കൂറ്റന്‍ വിജയം സ്വന്തമാക്കിയത്. റാങ്കിംഗില്‍ പത്താം സ്ഥാനത്തെത്തിയതായിരുന്നു ഇതുവരെയുള്ള വിരാടിന്റെ മികച്ച പ്രകടനം. വിശാഖപട്ടണം ടെസ്റ്റിലെ പ്രകടനത്തിന് 97 പോയിന്റാണ് കോഹ്ലിക്ക് ലഭിച്ചത്. രണ്ടാം സ്ഥാനത്തുള്ള ജോ റൂട്ടിനെയാണ് കോഹ്ലിക്ക് മറി കടക്കേണ്ടത്. റൂട്ടുമായി 22 പോയിന്റിന്റെ വ്യത്യാസം മാത്രമാണ് കോഹ്ലിക്കുള്ളത്. ഐസിസിയുടെ ട്വന്റിട്വന്റി ബാറ്റ്സ്മാന്മാരുടെ റാങ്കിംഗില്‍ വിരാട് തന്നെയാണ് ഒന്നാമത്.


വിശാഖപട്ടണം ടെസ്റ്റില്‍ 246 റണ്‍സിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ കെട്ടുകെട്ടിച്ചത്. 405 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ സന്ദര്‍ശകര്‍ 158 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. വിജയത്തോടെ അഞ്ചു മത്സരങ്ങളുടെ പരമ്ബര ഇന്ത്യ 10 ന് മുന്‍പിലെത്തി. ശനിയാഴ്ച മൊഹാലിയിലാണ് പരമ്പരയിലെ മൂന്നാം മത്സരം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K