12 January, 2016 10:30:17 PM
ഓസീസിനു മുന്നില്‍ ഇന്ത്യയ്ക്ക് തോല്‍വി, സ്മിത്തിനും ബെയ്‌ലിക്കും സെഞ്ച്വറി
പെര്‍ത്ത്: ഏകദിനവും 20 ട്വന്‍റിയും മാത്രമുള്ള പര്യടനത്തിലെ അഞ്ച് ഏകദിനങ്ങളില്‍ ചൊവ്വാഴ്ച നടന്ന ആദ്യമത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. ഏകദിനങ്ങളിലെ ആദ്യമത്സരമാണ് ഇന്ന് വാക്ക പിച്ചില്‍ അരങ്ങേറിയത്. ക്യാപ്റ്റന്‍ സ്മിത്തിന്റെയും ജോര്‍ജ് ബെയ്‌ലിയുടെയും സെഞ്ച്വറികളുടെ മികവിലാണ് ഓസ്‌ട്രേലിയ ഇന്ത്യയെ 5 വിക്കറ്റിന് തോല്‍പിച്ചത്.
ജയിക്കാന്‍ 310 റണ്‍സ് വേണ്ടിയിരുന്ന ഓസ്‌ട്രേലിയ 49.2 ഓവറില്‍ വെറും 5 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി. അഞ്ച് ബൗളര്‍മാരുമായി ഇറങ്ങിയിട്ടും 310 പോലെ ഒരു വലിയ സ്‌കോര്‍ പ്രതിരോധിക്കാനായില്ല. മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ തുടക്കക്കാരന്‍ ബരീന്ദര്‍ സ്രാന്‍, രണ്ട് വിക്കറ്റെടുത്ത ആര്‍ അശ്വിന്‍ എന്നിവര്‍ മാത്രമാണ് കാര്യപ്പെട്ട സംഭാവന ചെയ്തത്. ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, രവീന്ദ്ര ജഡേജ എന്നിവര്‍ തികച്ചും പരാജയമായി.
തുടക്കത്തില്‍ പതറിയ ഓസീസ് ഇന്നിംഗ്‌സിനെ കരക്കടുപ്പിച്ചത് ബെയ്‌ലിയുടെ അവസരോചിത സെഞ്ചുറിയാണ്. 120 പന്തില്‍ 7 ഫോറും 2 സിക്‌സും സഹിതം 112 റണ്‍സായിരുന്നു ബെയ്‌ലിയുടെ സംഭാവന.രോഹിത് ശര്‍മയുടെ റെക്കോര്‍ഡ് സെഞ്ച്വറിയാണ് പാഴായത്. ഓസ്‌ട്രേലിയയില്‍ ഒരു സന്ദര്‍ശക ബാറ്റ്‌സ്മാന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് രോഹിതിന്റെ 171 നോട്ടൗട്ട്.
135 പന്തില്‍ 149 റണ്‍സ്. 11 ഫോര്‍. 2 സിക്‌സ്. ക്യാപ്റ്റന്റെ കളി കെട്ടഴിച്ച സ്മിത്ത് ജയം ഉറപ്പിച്ച ശേഷമാണ് പുറത്തായത്. രണ്ട് ഓപ്പണര്‍മാരെയും വീഴ്ത്തി തുടക്കക്കാരന്‍ ബരീന്ദര്‍ സ്രാന്‍ ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കി. പിന്നീട് സ്മിത്തിനെയും വീഴ്ത്തിയെങ്കിലും കളിയില്‍ ഇന്ത്യ തോറ്റു എന്ന് മാത്രം.